ബസുടമക്കും മകനും മർദനം; ആറുപേർക്കെതിരെ കേസ്
text_fieldsഒറ്റപ്പാലം: ബസുടമയെയും മകനെയും വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസ്. സ്ത്രീകളോട് മദ്യപിച്ച് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ സ്വകാര്യ ബസുടമക്കെതിരെയും ഒറ്റപ്പാലം പൊലീസ് കേസെടുത്തു. കണ്ണിയംപുറം കല്ലിങ്കൽ ആർക്കേഡിൽ വാടകക്ക് താമസിക്കുന്ന തിരൂർ ബി.പി അങ്ങാടിയിൽ കൊടക്കാട്ടിൽ അശ്വതിയുടെ (23) പരാതിയിലാണ് തൃശൂർ വരാന്തരപ്പള്ളി അറക്കൽ വീട്ടിൽ സുനിൽകുമാറിനെതിരെ (48) കേസെടുത്തത്.
വെള്ളിയാഴ്ച് രാത്രി എട്ടരയോടെ അശ്വതി, റിഷിക, പാർവതി, ദിവ്യ എന്നിവർ താമസിക്കുന്ന മൂന്നാം നിലയിലെ മുറിയുടെ വാതിലിലും ജനലിലും വന്ന് തട്ടുകയും വാതിൽ തുറന്നപ്പോൾ മദ്യലഹരിയിൽ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനിടയിൽ യുവതികൾ ബന്ധുക്കളെ ഫോണിൽ വിളിക്കുന്നതറിഞ്ഞ സുനിൽകുമാർ ഇറങ്ങിഓടുന്നതിനിടയിൽ റിഷികയെ കോണിപ്പടിയിൽനിന്ന് ചവിട്ട് വീഴ്ത്തിയെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് വനിതകളേയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ വനിതകളെ കൈയേറ്റം ചെയ്തതിനും വനിതകളോട് അപമര്യാദയായി പെരുമാറിയതിനുമാണ് കേസെടുത്തത്. അതേസമയം രാത്രി 9.30ഓടെ സംഘം ചേർന്നെത്തി മർദിച്ചെന്ന സുനിൽകുമാറിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരേയും പൊലീസ് കേസെടുത്തു. സുനിൽ കുമാറിന്റെ മൂക്കിലും വലത് കൈയിലെ മൂന്ന് വിരലിലും കാലിലും മുറിവേറ്റിട്ടുണ്ട്.
ജനൽ ചില്ല് തകർന്നുണ്ടായ പരിക്കാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇയാളും ആശുപത്രിയിൽ ചികിത്സയിലായാണ്. മൂന്നുവർഷമായി സുനിൽകുമാർ ഇവിടെയാണ് താമസം.
ഒന്നര മാസം മുമ്പാണ് സ്ത്രീ ജീവനക്കാർ മൂന്നാം നിലയിൽ വാടകക്കാരായി എത്തിയത്. ബസുടമയെ സംഘം ചേർന്ന് മർദിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച് ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ പലതും പണിമുടക്കി. പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബസ് ജീവനക്കാരുടെ പണിമുടക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.