ഉപതെരഞ്ഞെടുപ്പ് തോൽവി: ലീഗും കോൺഗ്രസും കൊമ്പുകോർക്കുന്നു
text_fieldsഒറ്റപ്പാലം: നഗരസഭയിലെ പാലാട്ട് റോഡ് വാർഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്തെ യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിം ലീഗും പരസ്പരം കൊമ്പുകോർക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് പാലാട്ട് റോഡ് വാർഡിൽനിന്ന് യു.ഡി.എഫിന് നേരിടേണ്ടിവന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു പാർട്ടികളുടെയും രംഗപ്രവേശം. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടിയാലോചനകൾ നടന്നില്ലെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റിയാണ്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ, വി.കെ. ശ്രീകണ്ഠൻ എം.പി എന്നിവർക്ക് ലീഗ് പ്രതിനിധികൾ പരാതി നൽകി. സ്ഥാനാർഥിയെ നിർണയിക്കാൻ യു.ഡി.എഫ് യോഗം ചേരുകയോ ലീഗുമായി കൂടിയാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിട്ടും കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 84 വോട്ടുകൾ നേടിയ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ 77 വോട്ടുകളാണ് നേടാനായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 വോട്ടുകൾ നേടിയ ബി.ജെ.പി ഇക്കുറി 361 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കാലാവസ്ഥ അനുകൂലമായിട്ടും യു.ഡി.എഫ് സംവിധാനം ശക്തിപ്പെടുത്തി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വരുന്ന പാർലമെൻറ് ഉൾപ്പെടെ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ചുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് അവസരം ഉറപ്പ് വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, ലീഗിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് നടന്ന നവംബറിൽ മുസ്ലിം ലീഗ് കമ്മിറ്റിയുമായി ആലോചിച്ചിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതെ രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണ് ലീഗ് കൈക്കൊണ്ടത്. ഇതിനെതിരെ കോൺഗ്രസ് മേൽ ഘടകങ്ങൾക്കും ലീഗ് ജില്ല നേതൃത്വത്തിനും പരാതി നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. യോഗത്തിൽ ഡി.സി.സി സെക്രട്ടറി കെ. ശ്രീവത്സൻ, കേരള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് തോമസ് ജേക്കബ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ.കെ. ജയരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദലി നാലകത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.