ചിനക്കത്തൂർ പൂരം: തോൽപ്പാവ കൂത്തിന് ഇന്ന് തിരി തെളിയും
text_fieldsഒറ്റപ്പാലം: തമിഴ് മണക്കുന്ന ശീലുകളുമായി ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ കൂത്ത് മാടത്തിൽ കമ്പരാമായണം തോൽപ്പാവ കൂത്തിന് ഞായറാഴ്ച തിരി തെളിയും. ചിനക്കത്തൂർ പൂരപ്പെരുമക്ക് മുന്നോടിയായി ഇനിയുള്ള 17 രാവുകളിൽ മാടത്തിലെ തിരശ്ശീലയിൽ ഇതൾ വിരിയുന്നത് തമിഴ് കവി കമ്പരുടെ രാമായണ കാവ്യത്തിെൻറ കഥാമുഹൂർത്തമായിരിക്കും. ദൃശ്യകലയുടെ സാങ്കേതിക മികവ് പൂർണതയിലെത്തി നിൽക്കുന്ന ഹൈടെക്ക് കാലത്തും കൂത്ത് മാടത്തിലെ തിരിവെട്ടത്തിൽ തെളിയുന്ന നിഴൽ രൂപങ്ങളോട് ഭക്തർക്ക് ഇന്നും കൗതുകമേറെയാണ്.
കൂത്തിന് നേതൃത്വം വഹിക്കുന്നത് പതിവ് പോലെ പാലപ്പുറം എ. സദാനന്ദ പുലവരും അനുയായികളുമാണ്. സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള കഥയാണ് പാവക്കൂത്തിൽ അനാവൃതമാവുക. കറുപ്പും വെളുപ്പും പാതിവീതമുള്ള തിരശ്ശീല കൊണ്ട് കൂത്തുമാടത്തിെൻറ മുൻ ഭാഗം മറച്ചതിന് പിറകിലാണ് കൂത്തവതരണം. രാത്രി 10ന് പതിവ് ശൈലിയിൽ കൂത്ത്മാടം കൊട്ടിക്കയറും. അഷ്ടപതിയും തായമ്പകയും ഇതിെൻറ മുന്നോടിയായി അരങ്ങേറും.
ദേവസ്വം കൂത്തോടെയാണ് തോൽപ്പാവ കൂത്തിന് തുടക്കം. തുടർന്നുള്ള ദിവസങ്ങളിൽ ഏഴ് ദേശങ്ങളുടെ കൂത്തും വഴിപാട് കൂത്തും നടക്കും. കൂത്ത് സമാപിക്കുന്ന ഫെബ്രുവരി 16നാണ് പൂരം കൊടിയേറ്റം. തുടർന്ന് പത്ത് നാൾ നീളുന്ന പറയെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ വീടുകളിലെത്തി പറയെടുക്കുന്ന ചടങ്ങ് ഇത്തവണ ഉണ്ടാവില്ല. പകരം ക്ഷേത്രത്തിലെത്തി പറ വെക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. 25ന് പൂര താലപ്പൊലിയും 26ന് കുമ്മാട്ടി ആഘോഷവും നടക്കും. ഫെബ്രുവരി 27നാണ് വള്ളുവനാടൻ പെരുമ നിറഞ്ഞ ചിനക്കത്തൂർ പൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.