ചിനക്കത്തൂർ പൂരം: നിരീക്ഷണത്തിന് ഡ്രോൺ ഏർപ്പെടുത്തും
text_fieldsഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന് സുരക്ഷാക്രമീകരങ്ങളുടെ ഭാഗമായി ഡ്രോൺ സംവിധാനം ഏർപ്പെടുത്താനും കാവ് മൈതാനിയിൽ 22 മുതൽ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിക്കാനും സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. പൂരത്തിന്റെ മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരേയും സെൻട്രൽ കമ്മിറ്റി, ഏഴ് ദേശം പൂരക്കമ്മിറ്റി ഭാരവാഹികളെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് തീരുമാനം.
അധിക പൊലീസ് സേനയെ നിയോഗിക്കുന്നതിന് ജില്ല പൊലീസ് മേധാവിക്കും ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനത്തിനായി ജില്ല മെഡിക്കൽ ഓഫിസർക്കും കത്ത് നൽകും. കുടിവെള്ളത്തിന് കാവുപറമ്പിൽ പൈപ്പ് സ്ഥാപിക്കാൻ സബ് കലക്ടർ ജല അതോറിറ്റിക്ക് നിർദേശം നൽകി. ഞായറാഴ്ചക്കകം രജിസ്റ്റർ ചെയ്യാത്ത സ്പെഷൽ പൂരാഘോഷ കമ്മിറ്റികൾക്ക് പങ്കെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു.
ഹരിത പ്രോട്ടോകോൾ പാലിക്കണം. വളന്റിയർമാരെ നിശ്ചയിക്കണം. പൂരപ്പറമ്പ് ശുചിയാക്കാനായി കഴിഞ്ഞവർഷം രണ്ടുലക്ഷം രൂപ നഗരസഭ ചെലവിട്ടത് ഓഡിറ്റ് ഒബ്ജക്ഷൻ നേരിട്ട സാഹചര്യത്തിൽ കമ്മിറ്റിക്കാർ ചെലവ് വഹിക്കണമെന്ന് സബ് കലക്ടർ നിർദേശിച്ചു.
കുതിരക്കോലങ്ങൾ കൊണ്ടുപോകുന്നതിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി ലൈനുകളും സ്വകാര്യ ചാനലുകാരുടെ കേബിളുകളും സംബന്ധിച്ച വിവരം അടുത്തദിവസം സമർപ്പിക്കണം. പൂരം ദിവസം ഉച്ചക്ക് ഒന്നുമുതൽ ലക്കിടി കൂട്ടുപാത മുതൽ ഒറ്റപ്പാലം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഡി.ജെ, നാസിക് ഡോൾ തുടങ്ങിയ അമിത ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ആനപ്പൂരം, തേര്, തട്ടിന്മേൽ കൂത്ത്, സ്പെഷൽ പൂരാഘോഷങ്ങൾ തുടങ്ങിയവ സമയം കൃത്യമായി പാലിക്കണം.
മദപ്പാടുള്ള ആനകളെ എഴുന്നള്ളിക്കരുത്. ടൂറിസം വകുപ്പിന്റെ പട്ടികയിലുള്ള ചിനക്കത്തൂർ പൂരത്തിന് ഏഴ് വർഷമായി ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയും യോഗത്തിൽ ഉയർന്നു. അസി. കലക്ടർ ആൽഫ്രെഡ്, തഹസിൽദാർ ആന്റോ ജേക്കബ്, നഗരസഭ അധ്യക്ഷ ജാനകി ദേവി, കെ.എസ്.ഇ.ബി, പി.ഡബ്യൂ.ഡി, ഫയർഫോഴ്സ്, ആരോഗ്യവിഭാഗം, വനംവകുപ്പ്, ജല അതോറിറ്റി, മോട്ടോർ വാഹനവകുപ്പ് എന്നിവയുടെ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.