സുന്ദരയ്യർ റോഡ് വികസനം; നടപടിയിലേക്ക് കടക്കാൻ നഗരസഭ
text_fieldsഒറ്റപ്പാലം: വീതി കുറവ് കാരണം വാഹനഗതാഗതം വീർപ്പുമുട്ടുന്ന ഒറ്റപ്പാലത്തെ സുന്ദരയ്യർ റോഡ് വികസനത്തിന് നഗരസഭ ഒരുങ്ങുന്നു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ, പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് നഗരപാത സ്പർശിക്കാതെ ഷൊർണൂർ, ചെർപ്പുളശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ എത്തിപ്പെടാനുള്ള എളുപ്പമാർഗമാണ് സുന്ദരയ്യർ റോഡ്. വർഷങ്ങൾക്കുമുമ്പ് രൂപം കൊണ്ട പാതയിൽ ഒരു വാഹനത്തിന് തന്നെ ഞെങ്ങി ഞെരുങ്ങി കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്. എതിരെ വരുന്ന വാഹനത്തെ തട്ടാതെ മുട്ടാതെ കടത്തിവിടുക എന്നത് വലിയ പാടാണ്. റോഡ് വികസനമെന്ന പദ്ധതിയുമായി പ്രദേശവാസികൾ സമീപിച്ചതിന്റെ കൂടി അടിസ്ഥാനത്തിൽ അവരെ പങ്കെടുപ്പിച്ച് കൊണ്ട് നഗരസഭ അധ്യക്ഷ കെ. ജാനകിദേവിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
റോഡ് വീതികൂട്ടുന്നതിനോട് അനുകൂല സമീപനമാണ് യോഗത്തിൽ പങ്കെടുത്തവരിൽനിന്ന് ഉണ്ടായതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. റോഡിന് ഇരുവശത്തും താമസിക്കുന്നവർക്ക് വാഹനങ്ങൾ പാതയിലേക്ക് ഇറക്കണമെങ്കിൽ അവസരം കാത്ത് നിൽക്കേണ്ടി വരുന്നുണ്ടെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ പാതയിലെ തിരക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും ഇവർ പരാതിപ്പെട്ടതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വാർഷിക പദ്ധതിയിൽ നഗരത്തിലെ ചെറിയ റോഡുകളുടെ വീതി കൂട്ടുന്നതിന് പദ്ധതി ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ റോഡ് വീതികൂട്ടുന്നതിന് പദ്ധതി രേഖ തയാറാക്കും. പാതയുടെ നിലവിലെ വീതിയും വികസനത്തിന് ആവശ്യമായ വീതിയും അളന്ന് തിട്ടപ്പെടുത്തും. സ്ഥലമേറ്റെടുപ്പ് ആവശ്യമായി വരുന്നതും പരിഗണിച്ചാകും നഗരസഭ പദ്ധതി രേഖ തയാറാക്കുകയെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.
സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ പദ്ധതികൾ ഇതിനായി വിനിയോഗിക്കും. സുന്ദരയ്യർ റോഡ് വീതി കൂട്ടുന്നതോടെ നഗര പാതയിൽ ഇന്ന് അനുഭവപ്പെടുന്ന തിരക്കിനും ചെറിയ ആശ്വാസമാകും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തുന്നതിന് നഗരത്തിലെ ആർ.എസ്. റോഡ് നിലവിലുണ്ട്. ഇതുവഴി പോകുമ്പോൾ നഗരപാത താണ്ടിവേണം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ. വർഷങ്ങളായി അനുഭവപ്പെടുന്ന വീതി പ്രശ്നത്തിന് പരിഹാരം എത്രയും വേഗം കാണണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.