കോവിഡ്: വെള്ളം കുടി മുട്ടി സോഡ വ്യവസായം
text_fieldsഒറ്റപ്പാലം: കോവിഡ് പ്രതിസന്ധി മൂലം പ്രാദേശികമായി പ്രവർത്തിക്കുന്ന ചെറുകിട സോഡ വ്യവസായങ്ങൾ തളർച്ചയിൽ. വ്യാപാരം പൊടിപൊടിക്കേണ്ട മാർച്ച് മുതൽ മേയ് വരെയുള്ള സീസണിൽ പ്രഖ്യാപിച്ച ലോക്ഡൗണും തുടർന്നുണ്ടായ വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും സോഡ വ്യവസായത്തിെൻറ അതിജീവനം ദുരിതത്തിലാക്കി.
കഴിഞ്ഞവർഷത്തെ സമ്പൂർണ അടച്ചിടലിൽ താളം തെറ്റിയ വ്യവസായം പൂർവ സ്ഥിതി വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിലാണ് വീണ്ടും ലോക്ഡൗൺ എത്തിയത്. ഒറ്റപ്പാലം നഗരസഭയിലും അമ്പലപ്പാറ, ലക്കിടി-പേരൂർ, അനങ്ങനടി, വാണിയംകുളം പഞ്ചായത്തുകളിലുമായി 10 സോഡ യൂനിറ്റുകളാണ് പ്രവർത്തിച്ചുവരുന്നത്. മഹാമാരിയുടെ വരവിന് മുമ്പ് പ്രാദേശിക കച്ചവടക്കാരുടെ ഓർഡർ അനുസരിച്ച് സോഡ എത്തിച്ചുനൽകാൻ ക്ലേശിച്ചിരുന്ന അവസ്ഥയായിരുന്നു. സാധാരണ ദിവസങ്ങളിൽ 60 മുതൽ 80 കേയ്സും സീസണിൽ 120 മുതൽ 150 വരെയുമായിരുന്നു വിൽപന. പൂരം, ഉത്സവം തുടങ്ങിയ വിവിധ ആഘോഷ പരിപാടികളോടനുബന്ധിച്ച് ലഭിക്കുന്ന ഓർഡറുകൾ വേറെയും.
രണ്ടാം ലോക്ഡൗൺ പ്രഖ്യാപനത്തോടെ ഇതിനെല്ലാം അന്ത്യം കുറിച്ചു. സീസൺ ഗൗനിക്കാതെ ബാറുകളിൽ നടന്നിരുന്ന സോഡ കച്ചവടത്തിനും ലോക്ഡൗൺ വിരാമമിട്ടു. നാമമാത്രമായി കൊണ്ടുനടക്കുന്ന നിർമാണത്തിൽനിന്ന് നിത്യ ചെലവുകൾ നേരിടാൻ ആവശ്യമായ വരുമാനം പോലും ലഭിക്കുന്നില്ലെന്നതാണ് ഉടമകളുടെ ആവലാതി. വ്യാപാര മാന്ദ്യം നിർമാണത്തെ ബാധിച്ചതോടെ തൊഴിലാളികളെ വെട്ടിക്കുറക്കാനും ഉടമകൾ നിർബന്ധിതരായി. ശരാശരി അഞ്ചുവീതം തൊഴിലാളികൾക്കാണ് ഓരോ യൂനിറ്റിലും തൊഴിൽ നഷ്ടമുണ്ടായത്. 10 യൂനിറ്റുകളിലായി 50 പേർക്ക് തൊഴിൽ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.