തെരുവുവിളക്കുകൾക്ക് ശാപമോക്ഷം; രണ്ടാഴ്ചക്കകം മിഴി തുറക്കും
text_fieldsഒറ്റപ്പാലം: നഗരസഭയിലെ തെരുവുവിളക്കുകൾ ഇനി പ്രകാശം ചൊരിയും. തെരുവുവിളക്ക് പരിപാലന പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതിന് തൊട്ടുപിറകെ നഗരസഭ ടെൻഡർ നോട്ടീസും പുറത്തിറക്കി. മേയ് 26ന് ചേർന്ന ജില്ല ടൗൺ പ്ലാനിങ് കമ്മിറ്റിയാണ് പദ്ധതി അംഗീകരിച്ചത്. തുടർന്ന് കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് പദ്ധതി രേഖ സമർപ്പിക്കുകയും നിബന്ധനകളോടെ പ്രത്യേക അനുമതി ലഭിക്കുകയും ചെയ്തതാണ് ടെൻഡർ നടപടികളിലേക്ക് കടക്കാൻ നഗരസഭക്ക് എളുപ്പമായത്.
36 വാർഡുകളിലെയും തെരുവുവിളക്ക് പരിപാലനത്തിന് ഒരു വർഷത്തേക്ക് 30 ലക്ഷം രൂപ മതിപ്പ് കണക്കാക്കിയാണ് ടെൻഡർ നോട്ടീസ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് തെരുവുവിളക്ക് പരിപാലന കരാർ അവസാനിച്ചത്. തെരഞ്ഞെടുപ്പുൾെപ്പടെ പുതിയ കരാറുകാരെ കണ്ടെത്തുന്നതിന് തടസ്സമായി. പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം നടത്തിയ ടെൻഡർ സാങ്കേതിക പ്രശ്നത്തെ തുടർന്ന് മുടങ്ങി. ആസൂത്രണ സമിതി യോഗം നടത്താൻ കഴിയാതിരുന്നതാണ് ടെൻഡർ നടപടികൾക്ക് വിഘ്നം സൃഷ്ടിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പരിഹാര നടപടികൾക്ക് സാധ്യതയും നഷ്ടമായി.
36 വാർഡുകളിലായി ഒമ്പതിനായിരം തെരുവുവിളക്കുകൾ ഉള്ളതിൽ ഭൂരിഭാഗവും കത്താത്ത നിലയിലാണ്. ഇതിനെതിരെ വ്യാപക പരാതികളും ഉയർന്നിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കകം വിളക്കുകൾ കത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.