ജല അതോറിറ്റിയുടെ കുഴിയടക്കൽ വഴിപാട് രൂപത്തിൽ
text_fieldsഒറ്റപ്പാലം: ഒരാഴ്ചമുമ്പ് പെയ്ത കനത്തമഴയിൽ മണ്ണൊലിപ്പിനെ തുടർന്ന് പാതയുടെ ഓരങ്ങളിൽ രൂപപ്പെട്ട കുഴികൾ വാഹനങ്ങൾക്ക് ഭീഷണി. അമ്പലപ്പാറ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാനായി കുഴിയെടുക്കുകയും പിന്നീട് മണ്ണിട്ട് നികത്തുകയും ചെയ്ത ഭാഗങ്ങളിലാണ് ഒന്നും രണ്ടും അടി താഴ്ചയിൽ മണ്ണ് പോയി കുഴി രൂപപ്പെട്ടത്. ഒറ്റപ്പാലം-മണ്ണാർക്കാട് പാതയിൽ മുരുക്കുംപറ്റക്കും അമ്പലപ്പാറക്കും ഇടക്കുള്ള പാതയിലാണ് അപകടക്കെണിയായി ഇവയുള്ളത്.
വാഹനങ്ങൾ അരിക് ചേരേണ്ടിവരുമ്പോൾ ചക്രങ്ങൾ കുഴികളിലകപ്പെട്ട് തുടർയാത്ര തടസ്സപ്പെടാനും കാരണമാകുന്നു. മണ്ണും കല്ലുകളും റോഡിലേക്ക് പരന്നൊഴുകിയ നിലയിൽ തുടരുന്നത് ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാവുന്നുണ്ട്.
മഴക്കാല പൂർവ ശുചീകരണ ഭാഗമായി പാതയോരങ്ങളിലെ ചാലുകൾ വൃത്തിയാക്കാത്തതും ഇതിന് കാരണമായതായി പറയുന്നു. ജല അതോറിറ്റിയുടെ പൈപ്പിടലിന് ശേഷം കുറ്റമറ്റ രീതിയിൽ ചാലുകൾ പൂർവസ്ഥിതിയിലാക്കാത്തതാണ് ഗർത്തങ്ങൾ രൂപപ്പെടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മഴക്കാലം കൂടുതൽ ശക്തമാകുന്നതിന് മുമ്പായി പാതയോരത്തെ ഗർത്തങ്ങൾ കൃത്യമായി മൂടുന്നതിനും കല്ലും മണ്ണും പാതയിൽ നിന്നും നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.