കാലഹരണപ്പെട്ട രേഖകൾ; വിദ്യാർഥികളുമായി പോയ ടെമ്പോ ട്രാവലർ പിടികൂടി
text_fieldsഒറ്റപ്പാലം: ആവശ്യമായ രേഖകളില്ലാതെ സ്കൂൾ കുട്ടികളെ കയറ്റി യാത്ര പുറപ്പെട്ട വാഹനം മോട്ടോർ വകുപ്പ് അധികൃതർ പിടികൂടി. ഒറ്റപ്പാലം എൽ.എസ്.എൻ സ്കൂളിലെ 25 വിദ്യാർഥികളുമായി വൈകുന്നേരം യാത്ര പുറപ്പെട്ട സ്വകാര്യ ടെമ്പോ ട്രാവലറാണ് പിടിയിലായത്. ടാക്സ്, പെർമിറ്റ്, ഫിറ്റ്നസ് എന്നിവയുടെ കാലാവധി കഴിഞ്ഞ വാഹനത്തിലാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതുമെന്ന് ജോയൻറ് ആർ.ടി.ഒ സി. മോഹൻ പറഞ്ഞു. കുട്ടികളെ മറ്റൊരു വാഹനത്തിൽ കയറ്റി വീടുകളിലേക്ക് വിട്ടു. നിയമലംഘനം നടത്തിയ വാഹനത്തിനെതിരെ കേസെടുത്തു. മണ്ണൂർ ഭാഗത്ത് നിന്നുള്ള കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനമാണിതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എൽ.എസ്.എൻ ഗേൾസ് സ്കൂളിന് സ്വന്തമായി വാഹനങ്ങളില്ല. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ ഏർപ്പാടാക്കുന്ന സ്വകാര്യ വാഹനങ്ങളിലാണ് വിദ്യാർഥികൾ സ്കൂളിലെത്തുന്നത്. ഇത്തരം വാഹനങ്ങളിൽ ‘ഓൺ സ്കൂൾ ഡ്യൂട്ടി’ എന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും കുട്ടികളുടെ പേരുവിവരങ്ങൾ വാഹനങ്ങളിൽ എഴുതി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. ഒറ്റപ്പാലം ജോയൻറ് ആർ.ടി.ഒ ഓഫിസിൽ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിലായി 619 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പകുതിയിലേറെ ബസുകൾ മാത്രമാണ് പരിശോധനക്ക് ഇതുവരെ ഹാജരാക്കിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എ.എം.വി.ഐ എസ്. രാജൻ, ഡ്രൈവർ രതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.