പച്ചക്കറി വ്യാപാരിയുടെ മരണം: തുടരന്വേഷണത്തിന് കോടതി ഉത്തരവ്
text_fieldsഒറ്റപ്പാലം: ഏഴ് മാസം മുമ്പ് കോതകുറുശ്ശിയിൽ പച്ചക്കറി വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുടരന്വേഷത്തിന് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. കോതകുറുശ്ശി തളിയംതൊടി വീട്ടിൽ അലവിയുടെ (37) മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്താനാണ് കോടതിയുടെ ഉത്തരവ്. അലവിയുടെ ഭാര്യയും പത്തൊമ്പതാം മൈൽ സ്വദേശിനിയുമായ യുവതി നൽകിയ പരാതി പരിഗണിച്ചാണ് തുടന്വേഷണത്തിന് ഉത്തരവിട്ടത്.
2021 ആഗസ്റ്റ് നാലിനാണ് അലവിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആഗസ്റ്റ് 20ന് സമർപ്പിച്ച റിപ്പോർട്ടിൽ മരണകാരണം സാമ്പത്തിക പ്രശ്നമായാണ് പൊലീസ് രേഖപ്പെടുത്തിയത്. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കൃത്യമായ അന്വേഷണം നടത്താതെയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിൽ തുടർ അന്വേഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരിയുടെയും പൊലീസിന്റെയും വാദം കേട്ട കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കോടതി അഭിപ്രായപ്പെട്ടു. മരിച്ചയാളുടെ ഫോൺ പിടിച്ചെടുക്കുകയോ ഡയറിയും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. മരണകാരണം സാമ്പത്തിക പ്രശ്നമാണെന്നതിന് ഒരു തെളിവും പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പുനരന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.