പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ഒറ്റപ്പാലത്ത് തുടർക്കഥ
text_fieldsഒറ്റപ്പാലം: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ഒറ്റപ്പാലത്ത് പതിവ് കാഴ്ചയാകുന്നു. ആഴ്ചകളോളം വെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നിലെന്ന ആക്ഷപമാണ് നാട്ടുകാർക്ക്. പാലക്കാട് - കുളപ്പുള്ളി പാതയിൽ നഗരഹൃദയത്തിലുള്ള സുന്ദരയ്യർ റോഡ് ജങ്ഷന് സമീപം പൈപ്പ് പൊട്ടി വെള്ളം റോഡിൽ ഒഴുകിത്തുടങ്ങിട്ട് പത്ത് ദിവസം പിന്നിട്ടു. ഭൂഗർഭ കുഴലുകളിൽ നിന്നുള്ള വെള്ളത്തിന്റെ തള്ളിച്ച മൂലം ടാറിട്ട റോഡിൽ രണ്ട് മൂന്നിടങ്ങളിൽ കൂടി ഉറവ കണക്കെ ജലം പുറത്തേക്ക് പ്രവഹിക്കുന്നുമുണ്ട്.
കാലപ്പഴക്കം ചെന്ന ഭൂഗർഭ കുഴലുകൾ മാറ്റിസ്ഥാപിക്കാത്തതാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടലിന് കാരണം. പമ്പിങ് സമയത്തെ ജലത്തിന്റെ മർദം കുഴലുകൾ പൊട്ടാൻ ഇടയാക്കുന്നു. നേരത്തേയും അറ്റകുറ്റപണികളുടെ ഭാഗമായി ഇവിടെ കുഴിയെടുത്ത് മാസങ്ങളോളമാണ് മൂടാതെ കിടന്നിരുന്നത്.
പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തുന്നതിലെ ക്ലേശമാണ് അറ്റകുറ്റപണികൾ നീട്ടിക്കൊണ്ടുപോകാൻ ഇടയാക്കുന്നതെന്ന ആക്ഷേപമുണ്ട്. ആഴക്കുഴികൾ കുഴിച്ചുവേണം പൊട്ടിയ സ്ഥാനം കണ്ടെത്താൻ. എന്നാൽ കൃത്യമായ സ്ഥാനം മുൻകൂട്ടി കണ്ടെത്താൻ കഴിയാത്തതിനാൽ ദിവസങ്ങൾ നീണ്ട പ്രയത്നം ഇതിന് ആവശ്യമാണെന്ന് ജല അതോറിറ്റിയുമായി ബന്ധപ്പെട്ടവർ പറയുന്നു.
നഗരത്തിൽ തന്നെ മേലെ പെട്രോൾ പമ്പിന് സമീപവും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. കണ്ണിയംപുറം ലക്ഷം വീട് കോളനിക്ക് സമീപം ഒന്നരമസമായിട്ടും പൈപ്പ് മാറ്റിസ്ഥാപിക്കാനോ അറ്റകുറ്റപണികൾ നടത്താനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ളത്തിന് ഭൂരിഭാഗവും പൈപ്പ് ജലം ആശ്രയിക്കുന്ന മേഖലയിലാണ് ദിവസങ്ങളോളം കുടിവെള്ളം പാഴാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.