കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ
text_fieldsഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്, ഒറ്റപ്പാലം നഗരസഭ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് മെയിൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിൽ.
ഞായറാഴ്ച മുതൽ അഞ്ച് ദിവസം കുടിവെള്ള വിതരണം നിർത്തി നടത്തുന്ന പ്രവൃത്തിക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. പ്രഖ്യാപനമനുസരിച്ച് പൈപ്പ് മാറ്റിസ്ഥാപിക്കൽ പൂർത്തിയാക്കുക വ്യാഴാഴ്ചയാണ്.
പെരുന്നാൾ ദിനത്തിലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണ് പരാതി രൂക്ഷമാക്കിയത്. ഇതേ തുടർന്ന് ബുധനാഴ്ച പൈപ്പിടൽ പൂർത്തിയാക്കി ജല വിതരണം പുനരാരംഭിക്കാൻ തീവ്ര ശ്രമങ്ങൾക്ക് തുടക്കമിട്ടെങ്കിലും പൂർത്തിയാക്കാൻ രാത്രി ഏറെ വൈകുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം രാവേറെ വൈകിയാലും പൈപ്പിടൽ പൂർത്തിയാക്കി പമ്പിങ് നടത്തുമെന്നും പെരുന്നാൾ ദിവസം രാവിലെ കുടിവെള്ളമെത്തിക്കുമെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് അറിയിച്ചു.
മീറ്റ്നയിൽ തടയണ പരിസരത്ത് റെയിൽ പാളത്തിന് അടിയിലൂടെ സ്ഥാപിച്ച പഴയ ജലവിതരണ പൈപ്പുകളാണ് മാറ്റി പുതിയത് സ്ഥാപിക്കുന്നത്.
പമ്പിങ് ലൈനിന്റെ റെയിൽവേ ക്രോസിങ്ങിൽ ചോർച്ച അനുഭവപ്പട്ടതാണ് അടിയന്തിരമായി നിർമാണ പ്രവൃത്തികൾക്ക് ഇടയാക്കിയത്. റെയിൽ പാളത്തിന് അടിയിലുള്ള പഴയ പൈപ്പുകൾ നീക്കി പുതിയവ സ്ഥാപിച്ചുകഴിഞ്ഞു.
പുതിയ പൈപ്പുകളുടെ ജോയിൻറ് വെൽഡ് ചെയ്ത് ട്രാക്കിന് അപ്പുറവും ഇപ്പുറവുമുള്ള ലൈനുകളുമായി ബന്ധിപ്പിക്കുന്ന പ്രവർത്തികളാണ് രാത്രിയിലും തുടരുന്നത്. 50 ഓളം മീറ്റർ ദൂരത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്.
പമ്പ് ഹൗസിന് സമീപം കണ്ടെത്തിയ ചോർച്ച റെയിൽവേ ട്രാക്കുകൾക്ക് അപകട ഭീഷണിയാകുമെന്ന വിലയിരുത്തലാണ് അടിയന്തിരമായി പൈപ്പ് മാറ്റി സ്ഥാപിക്കാൻ കാരണമായത്. ബദൽ സംവിധാനങ്ങളില്ലാതെ 17,000 ഓളം ഉപഭോക്താക്കളാണ് നാല് ദിവസമായി ഇതുമൂലം ജലക്ഷാമം അനുഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.