ഒറ്റപ്പാലം കിഴക്കേ തോട്ടുപാലത്തിന് ശാപമോക്ഷം
text_fieldsഒറ്റപ്പാലം: കാലപ്പഴക്കത്താൽ ജീർണിച്ച കിഴക്കേ തോട്ടുപാലത്തിന് കാത്തിരിപ്പിനൊടുവിൽ ശാപമോക്ഷമാകുന്നു. പാലക്കാട്-കുളപ്പുള്ളി പാതയിൽ കുപ്പിക്കഴുത്ത് പരുവത്തിൽ തുടരുന്ന പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണോദ്ഘാടനം വ്യാഴാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
രാവിലെ 11ന് നഗരസഭ ഹാളിൽ ചേരുന്ന യോഗത്തിൽ ഓൺലൈനായാണ് ഉദ്ഘാടനം. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.
കാലപ്പഴക്കം കാരണം ബലക്കുറവ് പ്രകടമാക്കുന്ന പാലം മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് നിർമാണം ആരംഭിച്ച സമയത്ത് പാലക്കാട് -കുളപ്പുള്ളി പാതയിലുള്ള തോട്ടുപാലങ്ങളെ അതേപടി നിലനിർത്തിയാണ് റോഡ് പണി പൂർത്തിയാക്കിയത്.
ലോക ബാങ്കിന്റെ സഹായത്തോടെ നടക്കുന്ന റോഡ് നിർമാണത്തിൽ പാലങ്ങൾ ഉൾപ്പെടില്ലെന്നതാണ് കാരണമായി പറഞ്ഞിരുന്നത്. ഇതോടെ വീതികൂടിയ പാതയിൽ കുപ്പിക്കഴുത്തായി കണ്ണിയംപുറം, കിഴക്കേ തോട്ടുപാലങ്ങൾ മാറി.
ഒടുവിൽ ഇരുപാലങ്ങളുടെയും നിർമാണം ഒരുമിച്ച് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി.
കണ്ണിയംപുറത്ത് 4.3 കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ സമാന്തര പാലത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി ആറിന് നടന്നിരുന്നു. എന്നാൽ, ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള കിഴക്കേ തോട്ടുപാലത്തിന്റെ നിർമാണം വിവിധ കാരണങ്ങളാൽ അനിശ്ചിതത്വത്തിലായി. 2021ലെ എസ്റ്റിമേറ്റ് അനുസരിച്ച് 4.18 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. പുതിയ അലൈൻമെൻറ് അനുസരിച്ചാണ് സമാന്തര പാലം നിർമിക്കുന്നത്.
ഇതിന് നിലവിൽ 5.8 കോടി രൂപയാണ് എസ്റ്റിമേറ്റ്. കാലപ്പഴക്കം ബാധിച്ച കിഴക്കേ തോട്ടുപാലത്തിന് താങ്ങാവുന്നതിലേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഒരേസമയം, രണ്ട് വാഹങ്ങൾക്ക് ഒരുമിച്ച് പോകാൻ കഴിയാത്തത്രയും വീതിക്കുറവ് പാലത്തിനുണ്ട്. ഇതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. 1961ൽ തുറന്ന പാലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.