തെരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോകോൾ: ആഹ്വാനവുമായി തോൽപ്പാവ കൂത്ത് കലാരൂപവും
text_fieldsഒറ്റപ്പാലം: ഭഗവതി ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളിൽ രാമായണം കഥ അവതരിപ്പിക്കാൻ മാത്രമല്ല, ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പടെയുള്ള വിഷയങ്ങൾ പരിസ്ഥിതി സൗഹാർദമായിരിക്കണമെന്ന് ബോധവത്കരിക്കാനും തോൽപ്പാവ കൂത്തിന് സാധ്യമാണെന്ന് തെളിയിക്കുകയാണ് കൂനത്തറ കണ്ണൻ ഹരിശ്രീ കണ്ണൻ തോൽപ്പാവകൂത്ത് കലാകേന്ദ്രം. പാരിസ്ഥിതിക പ്രശ്ങ്ങൾ സൃഷ്ടിക്കുന്നതും അനാരോഗ്യത്തിന് ഇടയാക്കുന്നതുമായ ഫ്ലെക്സ്, പ്ലാസ്റ്റിക് കൊണ്ടുള്ള ബോർഡും കൊടിത്തോരണങ്ങളും ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയ വസ്തുക്കൾ വിശേഷിച്ചും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽനിന്നും മറ്റും പാടെ ഉപേക്ഷിക്കണമെന്ന നിർദേശമാണ് തോൽപ്പാവ കൂത്തിലൂടെ മുന്നോട്ടുവെക്കുന്നത്. മാത്രമല്ല, നമ്മൾ കാര്യശേഷിയുള്ള നമ്മുടെ ഭരണകർത്താക്കളെ തെരഞ്ഞെടുക്കപ്പെടേണ്ടതിന്റെ ആവശ്യകതയും കലാരൂപം ഓർമപ്പെടുത്തുന്നുണ്ട്.
മൂന്ന് മുഖ്യ കഥാപാത്രങ്ങൾക്കായി പുതിയത് ഉൾപ്പടെ പത്തിലേറെ തോൽപ്പാവകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ ഹരിത പ്രോട്ടോകോൾ പാലിച്ച് നിർമിച്ച തോൽപ്പാവ കൂത്തിന്റെ വീഡിയോ ശുചിത്വ മിഷന്റെ അംഗീകാരവും നേടിയാണ് കലക്ടർ ഡോ. കെ.എസ്. ചിത്ര പ്രകാശനം നിർവഹിച്ചത്. സാമൂഹ്യ മാധ്യമത്തിൽ കലക്ടർ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹരിശ്രീ കണ്ണൻ തോൽപ്പാവകൂത്ത് കലാകേന്ദ്രത്തിലെ എം. ലക്ഷ്മണ പുലവരുടെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് വീഡിയോക്കായി തോൽപ്പാവ കൂത്ത് അവതരിപ്പിച്ചത്.
സജീഷ് പുലവരുടെ ആശയത്തിൽ പാലക്കാട്ടെ രഘുനാഥ് റിഥം ആണ് തിരക്കഥ തയാറാക്കിയത്. സജിത്ത്, രാമദാസ്, അക്ഷയ്, കൃഷ്ണേന്ദു എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചത്.
ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചത് ശ്രീനാഥ് പാലക്കാടാണ്. കലക്ടറുടെ ചേംബറിൽ നടന്ന വീഡിയോ പ്രകാശന ചടങ്ങിൽ ജില്ല ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫിസറും ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്ററുമായ ജി. വരുൺ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.