തുല്യത പരീക്ഷ: നഗരസഭ കൗൺസിലർ കെ. സുരേഷ്കുമാർ പഠനത്തിരക്കിലാണ്
text_fieldsഒറ്റപ്പാലം: ബാല്യത്തിലെ പ്രാരബ്ധങ്ങളെ തുടർന്ന് ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ച നഗരസഭ കൗൺസിലർ കെ. സുരേഷ് കുമാർ 52ാം വയസ്സിലും തുല്യത പരീക്ഷക്കെത്തി. ഒറ്റപ്പാലം നഗരസഭ സാക്ഷരത മിഷൻ നടത്തുന്ന ഏഴാം ക്ലാസ് പരീക്ഷയിൽ ശനി, ഞായർ ദിവസങ്ങളിലായി ആറു വിഷയങ്ങളിലാണ് ഇദ്ദേഹം പരീക്ഷയെഴുതിയത്. പട്ടിണിയും പരിവട്ടങ്ങളുമായിരുന്ന ബാല്യത്തിൽ ആറിൽനിന്ന് ഏഴിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും തുടർപഠനത്തിന് കഴിയുമായിരുന്നില്ല.
കുടുംബം പോറ്റാൻ അച്ഛന്റെ കൈപിടിച്ചിറങ്ങി. ആദ്യം കൃഷിപ്പണിയിലേക്ക്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ മരം വെട്ട്, നിർമാണ തൊഴിൽ, പപ്പടം പണി, പശുവളർത്തൽ, പെയിൻറിങ് ഒക്കെയായി കെട്ടിയാടിയ വേഷങ്ങൾ നിരവധി. മക്കളുടെ പഠനവും വായനയും എഴുത്തും സുരേഷ് കുമാറിലെ അക്ഷരമോഹത്തെ ആളിക്കത്തിച്ചു. അംഗൻവാടി അധ്യാപികയായ ഭാര്യ ശോഭനയുടെ പ്രോത്സാഹനം കൂടിയായതോടെ ഒരുകൈ നോക്കാൻതന്നെ തീരുമാനിച്ചു. ഒരു വർഷത്തെ പഠനത്തിനു ശേഷമാണ് തുല്യത പരീക്ഷക്കെത്തിയത്. അടുത്ത വാർഡിലെ (വാർഡ് രണ്ട്) സുബിതയുടെ ഒഴിവു ദിവസങ്ങളിലെ അധ്യാപനവും ഏറെ പ്രയോജനം ചെയ്തു. ഇനി പത്താം തരവും പ്ലസ് ടുവും പഠിച്ച് ജയിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് 21 വർഷത്തിലേറെയായി ചുമട്ടു തൊഴിലെടുക്കുന്ന ഇദ്ദേഹം. വരോട് ക്ഷീരവികസന സംഘത്തിന്റെ പ്രസിഡന്റും നഗരസഭയുടെ മൂന്നാം വാർഡ് കൗൺസിലറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.