തൃക്കങ്ങോട് കിണറ്റിലെ സ്ഫോടനം മീഥെയ്ൻ വാതകം രൂപപ്പെട്ടതിനാലെന്ന് വിദഗ്ധർ
text_fieldsഒറ്റപ്പാലം: മനിശ്ശേരി തൃക്കങ്ങോട് രണ്ടുമൂർത്തി ക്ഷേത്രപരിസരത്തെ പൊട്ടക്കിണറ്റിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ മീഥെയ്ൻ വാതകം രൂപപ്പെട്ടതാണെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. ആറ് പതിറ്റാണ്ടായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കിണറ്റിൽ മാലിന്യത്തിന് തീയിട്ടതാണ് സ്ഫോടനത്തിന് കാരണമായത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. കിലോമീറ്ററുകൾക്കപ്പുറമുള്ള വീട്ടുകാർ പോലും സ്ഫോടന ശബ്ദം കേട്ടു. ക്ഷേത്രത്തിന് പിന്നിലെ ഹരേ റാം നിവാസിൽ പ്രകാശ് കുമാറിന്റെ വീടിന് സമീപം സഹോദരി ലക്ഷ്മി ഭായിയുടെ സ്ഥലത്തെ ഉപയോഗശൂന്യമായ കിണറ്റിലായിരുന്നു സ്ഫോടനം.
ഇതിന് സമീപത്തെ മാനസി നിവാസിൽ സ്മിത ഗോവിന്ദകൃഷ്ണൻ, ധന്യ നിവാസിൽ നിർമല, കൃഷ്ണ നിവാസിൽ വിജയകുമാർ, താഴത്തേതിൽ ജയന്തി എന്നിവരുടെ വീടുകൾക്കും സ്ഫോടനത്തെ തുടർന്ന് കേടുപാടുകളുണ്ടായി. ഓടുകൾ തകർന്നും ജനൽചില്ലുകൾ പൊട്ടിച്ചിതറിയും വീടിന്റെ സീലിങ് അടർന്നുമുള്ള നാശനഷ്ടമാണുണ്ടായത്. സംഭവത്തെ തുടർന്ന് അഗ്നിരക്ഷ സേന, ഫോറൻസിക് വിഭാഗം, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. വർഷങ്ങളായി ഉപയോഗശൂന്യമായ കിണറ്റിലെ മാലിന്യത്തിന് തീയിട്ടപ്പോൾ രൂപപ്പെട്ട മീഥെയ്ൻ വാതകമാണ് സ്ഫോടനത്തിന് ഇടയാക്കിയതെന്നാണ് വിദഗ്ധർ അറിയിച്ചത്. സംഭവത്തിൽ ആളപായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.