കൃഷിവകുപ്പിൽനിന്ന് എന്ന വ്യാജേന വീടുകളിലെത്തി തട്ടിപ്പ്
text_fieldsകൃഷിവകുപ്പിൽനിന്ന് എന്ന വ്യാജേന എത്തിയ സ്ത്രീകൾ കണ്ണിയംപുറത്തെ റിട്ട. സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന്
പണം കൈപ്പറ്റിയതിന് നൽകിയ രസീത്
ഒറ്റപ്പാലം: കൃഷിവകുപ്പിൽനിന്ന് എന്ന വ്യാജേന വീടുകളിലെത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ഒറ്റപ്പാലം കൃഷി ഓഫിസറുടെ നിർദേശം.
തെങ്ങ് പരിപാലനത്തിനെന്ന പേരിൽ രണ്ടു സ്ത്രീകൾ കണ്ണിയംപുറത്തെ റിട്ട. സർക്കാർ ഉദ്യോഗസ്ഥയിൽനിന്ന് 3000 രൂപ തട്ടിയെടുത്ത സാഹചര്യത്തിലാണ് ജാഗ്രത നിർദേശം. കൃഷിവകുപ്പ് നേതൃത്വത്തിലുള്ള അഗ്രി ഹോർട്ടികൾച്ചറൽ ഫാം യൂനിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ ഗൃഹനാഥയെ സമീപിച്ചത്.
വളപ്രയോഗം ഉൾെപ്പടെയുള്ള തെങ്ങ് പരിപാലനവും തേങ്ങയിടലും ഏറ്റെടുത്ത് നടത്തുമെന്നും 20 തെങ്ങുകളിൽ കൂടുതൽ ഉള്ളവർക്കുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമാണിതെന്നും അറിയിച്ചായിരുന്നു തട്ടിപ്പ്. ഒരു തെങ്ങിൽ കയറി തേങ്ങയിടാൻ 25 രൂപയാണ് ഈടാക്കുന്നതെന്നും ഇതിനുള്ള രണ്ട് യന്ത്രങ്ങളും തൊഴിലാളികളെയും നാളെ എത്തിക്കുമെന്നും അറിയിച്ചാണ് മുൻകൂറായി 3000 രൂപ ഇവർ കൈക്കലാക്കിയത്.
ഇതിന് നൽകിയ രസീതിെൻറ പുറത്ത് ഇവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കുറിച്ചുനൽകിയാണ് സ്ത്രീകൾ പണവുമായി സ്ഥലം വിട്ടത്. രസീതിൽ പിന്നീട് ഇവർ നൽകിയ നമ്പറിൽ വിളിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. മൊബൈൽ ആപ്പുകളിൽ നടത്തിയ പരിശോധനയിൽ 'തേങ്ങ പറ്റിക്കൽ' എന്നാണ് കണ്ടതെന്നാണ് റിട്ട. ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ. അഗ്രി ഹോൾട്ടികൾച്ചറൽ ഫാം എന്നച്ചടിച്ച രസീതും തട്ടിപ്പ് ബലപ്പെടുത്തുന്നു. മുൻ വർഷങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പിന് നിരവധി പേർ ഇരകളായതായി അധികൃതർ പറയുന്നു. സർക്കാർ ഓഫിസുകളിൽനിന്ന് ഇത്തരത്തിൽ ഇറങ്ങി വിൽപന നടത്താൻ ഒരു ഉദ്യോഗസ്ഥനും അനുമതി നൽകിയിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പാലം കൃഷി ഓഫിസർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.