മാലിന്യം നിറഞ്ഞ ആലുംകുളം നാടിന് തലവേദന
text_fieldsഒറ്റപ്പാലം: അധികാരികളുടെ നിസ്സംഗതയെ തുടർന്ന് നാട്ടുകാരുടെ കൂട്ടായ്മയിൽ നന്നാക്കിയ പൊതുകുളം മഴയിൽ വീണ്ടും ചളിക്കുളമായി. തോട്ടക്കരയിലെ ആലുംകുളമാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. അഴുക്കുചാലുകൾ കുളത്തിലേക്ക് കുത്തിയൊഴുകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടിയന്തരമായി പ്രശ്നപരിഹാരം കാണണമെന്ന ആവശ്യവുമായി നഗരസഭയിലെ 30, 31 വാർഡുകളിലെ ജനങ്ങൾ ഒപ്പിട്ട നിവേദനം ഒറ്റപ്പാലം സബ് കലക്ടർക്ക് സമർപ്പിച്ചു. വർഷങ്ങളായി കൊതുകുവളർത്തൽ കേന്ദ്രമായി മാറിയ കുളം ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കോളറ ബാധിച്ച് ഒരാൾ മരിക്കാനും നിരവധി പേർ രോഗബാധയെ തുടർന്ന് ചികിത്സ തേടാനും ഇടയാക്കിയത് കുളത്തിൽ മലിന ജലം കെട്ടിക്കിടന്നത് മൂലമാണെന്നും പരാതിയിൽ ആരോപിക്കുന്നു. നഗരസഭ അധികാരികൾക്ക് അടിക്കടി പരാതികൾ നൽകുന്നുണ്ടെങ്കിലും മഴക്കാലത്ത് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായിട്ടില്ല.
2017ൽ കുളം നവീകരിക്കാൻ ശ്രമം നടന്നെങ്കിലും കുളത്തിന്റെ സ്ഥല വിസ്തീർണം സംബന്ധിച്ച തർക്കം നിർമാണ പ്രവർത്തികൾ സ്തംഭിപ്പിച്ചു. തർക്കത്തെ തുടർന്ന് സബ് കലക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി അന്നത്തെ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയതാണ്. എന്നാൽ തുടർ നടപടികളുടെ അവസ്ഥയെക്കുറിച്ച് വാർഡ് നിവാസികൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ പദ്ധതി നിർത്തിവെച്ചതായോ തുടരുമെന്നോ സംബന്ധിച്ച സൂചനകൾ ഒന്നുമില്ലെന്നും പരാതിയിലുണ്ട് . കഴിഞ്ഞ വേനലിലാണ് നാട്ടുകാർ പിരിവെടുത്ത് പൊതുകുളം വൃത്തിയാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് വീതിക്കുറവുള്ള രണ്ട് ചാലുകളും കരകവിഞ്ഞ് കുളത്തിലേക്ക് കുത്തിയൊഴുകിയത്. കഴിഞ്ഞ വേനലിലാണ് നാട്ടുകാർ സംഘടിച്ച് കുളം വൃത്തിയാക്കിയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കുളം നവീകരിക്കാനും ചാലുകളുടെയും കുളത്തിന്റെയും നവീകരണം പുനരാരംഭിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.