ഹരിതകർമ സേന യൂസർ ഫീ ഈടാക്കുന്നത് നീതിപൂർവമല്ലെന്ന് പരാതി
text_fieldsഒറ്റപ്പാലം: ഹരിതകർമ സേന യൂസർ ഫീ പിരിക്കുന്നത് നീതിപൂർവമല്ലെന്ന് പരാതി. അജൈവ മാലിന്യം ശേഖരിക്കാൻ നഗരസഭ പരിധിയിലെ വീടുകൾക്ക് 60 രൂപയും വ്യാപാര സ്ഥാപനങ്ങൾക്ക് 150 രൂപയുമാണ് പ്രതിമാസം ഈടാക്കുന്നത്. മാലിന്യം നൽകാനില്ലെങ്കിലും ഫീസ് നൽകണമെന്ന നിബന്ധനയാണ് പരാതിക്ക് ഇടയാക്കുന്നത്.
പലവീടുകളിലും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കിയുള്ള ജീവിത രീതിയാണ് തുടരുന്നത്. പ്ലാസ്റ്റിക്ക് ഒഴിവാക്കി ഇടപാട് നടത്തുന്ന വ്യാപാര സ്ഥാപങ്ങളുമുണ്ട്.
ഫ്ലവർ മില്ലുകൾ, ശീതളപാനീയ വിതരണ സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ഇടപാടുകൾ പ്ലാസ്റ്റിക് മുക്തമാണ്. ഇത്തരം സ്ഥാപനങ്ങൾക്കും പ്രതിമാസം 150 രൂപ നൽകേണ്ടി വരുന്നു.
അടഞ്ഞുകിടക്കുന്ന വീടുകൾ പോലും യൂസർ ഫീസിൽനിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്നാണ് മറ്റൊരു പരാതി. ക്യൂ.ആർ കോഡ് സംവിധാനം നടപ്പായതോടെ റീഡിങ് കൃത്യമായി നടക്കുകയും വീട്ടുടമക്ക് ബാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു.
വീട്ടുനികുതിയേക്കാൾ കൂടിയ തുക യൂസർ ഫീ ചിലർക്ക് നൽകേണ്ടി വരുന്നുണ്ട്. രണ്ടുപേർ മാത്രം താമസിക്കുന്ന600 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിനും ആറും ഏഴും അംഗങ്ങൾ താമസിക്കുന്ന 1,000 ചതുരശ്ര അടിക്ക് മേൽ വിസ്തൃതിയുള്ള വീടിനും 60 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മാലിന്യങ്ങൾ ചാക്ക് കണക്കിൽ ഇടപാടുകളിലൂടെ ശേഖരിക്കപ്പെടുന്ന സ്ഥാപനങ്ങൾക്കും തീരെ ഇടപാടുകൾ ഇല്ലാത്തവക്കും 150 രൂപ നിർബന്ധമായി നൽകണം.
അടക്കാത്തപക്ഷം ലൈസൻസ് പുതുക്കിക്കിട്ടാൻ പ്രയാസം നേരിടുമെന്നതിനാൽ തുക അടക്കാൻ വ്യാപാരികൾ നിർബന്ധിതരാണ്. സംഭരിക്കുന്ന മാലിന്യത്തിന്റെ അളവിന്റെ അടിസ്ഥാനത്തിൽ യൂസർ ഫീ ഈടാക്കുകയും മാലിന്യം തീരെയില്ലാത്ത മാസങ്ങളിൽ ഫീസ് ഒഴിവാക്കുകയും ചെയ്യണമെന്നാണ് പൊതുജനാവശ്യം. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.