മഴ: ഈസ്റ്റ് ഒറ്റപ്പാലത്തെ പാലം നിർമാണം നിർത്തി
text_fieldsഒറ്റപ്പാലം: മഴയെ തുടർന്ന് ഈസ്റ്റ് ഒറ്റപ്പാലത്തെ കിഴക്കേ തോടിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. തോട്ടിലെ കുത്തൊഴുക്കിൽ നിർമാണ പ്രവൃത്തികളുമായി മുന്നോട്ടു പോകാൻ കഴിയാത്തതിനാലാണ് നിർത്തിവെച്ചതെന്ന് അധികൃതർ പറഞ്ഞു. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വീതിക്കുറവുള്ള നിലവിലെ പാലം ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിന് മുഖ്യ കാരണമാകുന്ന സാഹചര്യത്തിലാണ് സമാന്തര പാലമെന്ന ആശയം ഉയർന്നത്. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 28നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിച്ചത്. മാർച്ച് അവസാനത്തോടെ തുടക്കമിട്ട നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ നിർത്തിവെച്ചത്.
ഒരാഴ്ച മുമ്പ് പെയ്ത മഴയിൽ തോട്ടിലെ വെള്ളം ഉയരുകയും ഒഴുക്ക് ശക്തമാവുകയും ചെയ്തതോടെയാണ് നിർമാണം നിർത്തിവെച്ചത്. പാലത്തിന്റെ പ്രധാന സ്പാൻ ഉയരേണ്ടത് തോടിന്റെ മധ്യത്തിലാണ്. ഇതിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ച ഘട്ടത്തിലാണ് മഴ ശക്തമായത്. പാലക്കാട്-കുളപ്പുള്ളി പാതയിലുള്ള നിലവിലെ പാലം 1961ൽ തുറന്നുകൊടുത്തതാണ്. കാലപ്പഴക്കം മൂലമുള്ള ബലക്ഷയവും വീതിക്കുറവിനാലുള്ള ഗതാഗത കുരുക്കും കണക്കിലെടുത്താണ് പുതിയ പാലം നിർമിക്കാൻ തീരുമാനമായത്. 5.08 കോടി രൂപയാണ് നിർമാണ ചെലവ്. സെൽമെക് എൻജിനീയറിങ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിനാണ് കരാർ ചുമതല.
15 മീറ്റർ നീളം വരുന്ന രണ്ട് സ്പാനുകളും 20 മീറ്റർ നീളമുള്ള ഒരു സ്പാനും ഉൾപ്പടെ 50 മീറ്ററാണ് പാലത്തിന്റെ നീളം. 7.5 മീറ്റർ ക്യാരേജ് വേയും ഒരു വശത്ത് 1.5 മീറ്റർ വീതിയിലുള്ള നടപ്പാതയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പാലത്തിന്റെ ഇരുവശവും അപ്രോച്ച് റോഡും അപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്രാഷ് ബാരിയർ, സുരക്ഷ മുന്നറിയിപ്പ്, ഡി.എൽ.പി ബോർഡുകൾ, റോഡ് മാർക്കിങ്, സ്റ്റഡ് പതിക്കൽ പെയിന്റിങ് എന്നിവയും പദ്ധതി തുകയിൽ ഉൾപ്പെടും. അതേസമയം മഴക്കാലത്തോട് അടുപ്പിച്ച് നിർമാണം ആരംഭിച്ചതാണ് പ്രവൃത്തി സ്തംഭിക്കാൻ കാരണമായതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.