രോഗികൾക്കിത് ദുരിതകാലം; ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കാന്റീൻ അടഞ്ഞുതന്നെ
text_fieldsഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചുപൂട്ടി ഏഴ് മാസം പിന്നിടുന്നു. പൂട്ടിയത് മുതൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. കാന്റീന് നിശ്ചയിച്ചിരുന്ന വാടക തുടർന്ന് നൽകാൻ മാത്രം വരുമാനവുമില്ലെന്ന നിലപാടിലാണ് 2023 ഡിസംബറിൽ കരാറുകാരൻ അടച്ചിട്ടത്.
ഇതോടെ തിളച്ച വെള്ളത്തിനും ഒരു ഗ്ലാസ് ചായക്കും ആശുപത്രിയുടെ റോഡിന് അപ്പുറമുള്ള ഹോട്ടലുകളെയും ചായക്കടകളെയും ആശ്രയിക്കേണ്ട അവസ്ഥയിലായി. തിരക്കേറിയ ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് മുറിച്ചുകടന്നുള്ള അഭ്യാസം ഭയന്ന് കൂട്ടിരുപ്പുകാർ കുട്ടികളാണെങ്കിൽ ചായയും ചൂടുവെള്ളവും വേണ്ടെന്ന് വെക്കേണ്ട അനുഭവങ്ങളും ഉണ്ടാകുന്നുണ്ട്.
പ്രതിമാസം 55,000 രൂപയാണ് കാന്റീന് നിശ്ചയിച്ചിരുന്ന വാടക. രോഗികളുടെ ദുഃസ്ഥിതി കണ്ടറിഞ്ഞ് പുതിയ കരാറുകാരനെ കണ്ടെത്താൻ രണ്ട് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാൻ സന്നദ്ധരായി ആരും എത്തിയില്ല. തുടർന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ (എച്ച്.എം.സി) തീരുമാനപ്രകാരം വാടക 26,000 രൂപയായി കുറച്ച് ക്വട്ടേഷനിലൂടെ പുതിയ കരാറുകാരനെ കണ്ടെത്തി. എന്നാൽ ഭക്ഷണശാല തുറക്കാൻ തടസ്സമാകുന്നത് കാന്റീനിലുള്ള പഴയ കരാറുകാരന്റെ പാത്രങ്ങൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ കൊണ്ടുപോകാത്തതാണ്. ഇവ നീക്കാനാവശ്യപ്പെട്ട് ആശുപത്രി അധികൃതർ നോട്ടീസ് നൽകിയെങ്കിലും കരാറുകാരൻ രംഗത്ത് വന്നിട്ടില്ല. 800 മുതൽ 1,000 രോഗികൾ വരെ നിത്യേന ചികിത്സ തേടി എത്തുന്ന ആശുപത്രിയിലാണ് കാന്റീൻ പ്രവർത്തനമില്ലാതെയുള്ളത്.
ആശുപത്രിക്ക് പുറത്തുള്ള ഭക്ഷണ ശാലകൾ പലപ്പോഴും അവധിയെടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം മുട്ടേണ്ട അവസ്ഥയാണ്. കാന്റീനകത്ത് ടൈലുകൾ വിരിക്കുന്നതുൾപ്പടെയുള്ള നവീകരണ പ്രവൃത്തികൾക്കായി ഇതിന് മുമ്പ് ആഴ്ചകളോളം അടച്ചിട്ടിരുന്നു. ഇതിനുശേഷം തുറന്ന് രണ്ട് മാസത്തിനകമാണ് അനിശ്ചിതത്തിലായ അടച്ചുപൂട്ടലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.