ഒറ്റപ്പാലം ഗവ. ബധിര വിദ്യാലയത്തിലെ ഹോസ്റ്റൽ തുറന്നില്ല; വിദ്യാർഥികളുടെ പഠനം വഴിമുട്ടുന്നു
text_fieldsഒറ്റപ്പാലം: ഗവ. ബധിര വിദ്യാലയത്തോടുള്ള അധികൃതരുടെ അവഗണനയിൽ കുട്ടികളുടെ പഠനം വഴിമുട്ടുന്നു. വിദ്യാലയത്തിലെ ഹോസ്റ്റൽ തുറക്കാൻ അനുമതി നൽകാത്തതാണ് വിദൂര ജില്ലകളിൽനിന്ന് എത്തുന്ന കുട്ടികളുടെ പഠനം വഴിമുട്ടിക്കുന്നത്. കാഴ്ച, കേൾവി വൈകല്യമുള്ള കുട്ടികൾക്ക് മറ്റു ജില്ലകളിൽനിന്ന് വന്നുപോകൽ അസാധ്യമാണെന്നിരിക്കെ പഠനം മുടക്കി വീട്ടിലിരിക്കേണ്ട സ്ഥിതിയാണ്. വി.എസ്.എ.എസ്.ഇയിലെ പ്ലസ് വൺ വിഭാഗത്തിൽ 23 കുട്ടികളുള്ളതിൽ ഒരാൾപോലും ക്ലാസിൽ ഹാജരായിട്ടില്ല. ഇവർ എല്ലാവരും ഇതര ജില്ലകളിൽ നിന്നുള്ളവരുമാണ്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ മിക്കതിലും സ്ഥിതി സമാനമാണ്. തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നും പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ നിന്നുമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും.
ആദ്യദിനം ചിലർ രക്ഷിതാക്കൾക്കൊപ്പമെത്തിയിരുന്നെങ്കിലും സ്ഥിരം വന്നുപോകുന്നത് പ്രായോഗികമല്ലെന്ന് അധ്യാപകർതന്നെ പറയുന്നു. പ്ലസ് വൺ പരീക്ഷയുടെ നാളുകളിൽ ഹോസ്റ്റൽ തുറക്കാൻ അനുമതി നൽകിയതാണ്. 22 ദിവസത്തോളം ഇവിടെ താമസിച്ചാണ് കുട്ടികൾ പരീക്ഷ എഴുതിയത്. ഇതിന് സമാനമായി മുഴുവൻ സ്കൂളുകളും തുറക്കുന്ന വേളയിൽ ഹോസ്റ്റൽ പ്രവർത്തനത്തിനും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് തകിടം മറിഞ്ഞത്.
ഹോസ്റ്റൽ തുറക്കാൻ അനുമതി തേടി വിദ്യാഭ്യാസ വകുപ്പിന് സ്കൂൾ അധികൃതർ കത്ത് നൽകിയിട്ടുണ്ടെങ്കിലും സർക്കാർ തീരുമാനം വരുന്നതു വരെ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ഹോസ്റ്റൽ തുറക്കാൻ അനുമതി നൽകുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതികരണം. 80 കുട്ടികളാണ് ഒറ്റപ്പാലം ഗവ. ബധിര വിദ്യാലയത്തിൽ നിലവിൽ പഠിക്കുന്നത്.
ഇവരിൽ ഭൂരിഭാഗം പേർക്കും ക്ലാസിൽ ഹാജരാകാൻ കഴിയാത്ത പശ്ചാത്തലത്തിൽ അധ്യയനം തുടരാൻ കഴിയാത്ത സ്ഥിതിയിലാണ് അധ്യാപകർ. ഓൺലൈൻ സംവിധാനത്തിലൂടെയുള്ള അധ്യാപനം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ കൃത്യമായി എത്തിക്കുന്നതിൽ പരിമിതികളുള്ളതിനാൽ പൂർണമായും ആശ്രയിക്കാനും കഴിയാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.