ഒറ്റപ്പാലത്തെ അനധികൃത ഭൂപരിവർത്തനം: ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ
text_fieldsഒറ്റപ്പാലം: തണ്ണീർത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി ഭൂപരിവർത്തനം നടക്കുന്നതായ പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ക്രിമിനൽ ഉൾെപ്പടെ നടപടികൾ ശക്തമാക്കുമെന്ന് സബ് കലക്ടർ ശിഖ സുരേന്ദ്രൻ.
ശനിയാഴ്ച ചേർന്ന ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ മീറ്റ്ന പാടശേഖരത്തിലെ 40 ഏക്കർ കൃഷി നിലത്തിൽ 10 ഏക്കർ മണ്ണിട്ട് നികത്തി വേലികെട്ടി പരിവർത്തിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതി ചർച്ചയായപ്പോഴാണ് സബ് കലക്ടറുടെ മുന്നറിയിപ്പ്.
കഴിഞ്ഞ വികസന സമിതി യോഗത്തിൽ ഉയർന്ന നിർദേശത്തെ തുടർന്ന് ലാൻഡ് ട്രൈബൂണൽ തഹസിൽദാർ സ്ഥലം പരിശോധിച്ച് സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാറോട് അന്വേഷിക്കാൻ സബ് കലക്ടർ നിർദേശിച്ചു. സ്ഥല ഉടമകളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വിശദീകരണം യോഗത്തിൽ പ്രതിഷേധത്തിനിടയാക്കി. നിയമവിരുദ്ധമായ ഭൂപരിവർത്തനങ്ങൾ കണ്ടെത്തുന്നപക്ഷം സ്റ്റോപ്പ് മെമ്മോ നൽകി റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കുമെന്നും അവർ പറഞ്ഞു.
ഓപറേഷൻ അനന്തയുടെ ഭാഗമായി കൈയേറ്റമൊഴിപ്പിക്കൽ സ്തംഭനാവസ്ഥയിൽ തുടരാൻ കാരണം ഉടമകളുടെ 16 കേസുകളിലായി ഹൈകോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവുകളാണെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലത്തും പരിസരത്തും വ്യാപകമായി കണ്ടെത്തിയ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ അനാസ്ഥക്കെതിരെ രൂക്ഷവിമർശനം ഉയർന്നു.
ഒറ്റപ്പാലം നഗരസഭയിലും സമീപപഞ്ചായത്തുകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതിനാൽ അടിയന്തര നടപടി വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
എ.ബി.സി പദ്ധതി പ്രകാരം വന്ധ്യംകരണം നടത്തുന്നതിന് ജില്ലയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് നിലവിലുള്ളതെന്ന് ഒറ്റപ്പാലം മൃഗാശുപത്രയിലെ ഡോക്ടർ അറിയിച്ചു. തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് ബ്ലോക്ക് തല ഡോഗ് ഷെൽട്ടറുകൾ പ്രാവർത്തികമാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിന് നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.