കീശ ചോർത്തി പച്ചക്കറി വില
text_fieldsഒറ്റപ്പാലം: അനിയന്ത്രിതമായി കുതിച്ചുയരുന്ന പച്ചക്കറി വില സാധാരണക്കാരുടെ കീശ ചോർത്തുന്നു. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങൾക്കും മത്സ്യത്തിനും തീ വിലയായതോടെ കുടുംബ ബജറ്റ് താളംതെറ്റി. നിത്യവരുമാനവും നിത്യോപയോഗ സാധനങ്ങളുടെ വിലയും തമ്മിലെ അന്തരം നേർത്തതോടെ മറ്റു ആവശ്യങ്ങൾക്ക് കടം തേടേണ്ട സ്ഥിതിയിലാണ് സാധാരണക്കാർ.
ഉത്സവ കാലത്തും വിവാഹ സീസണുകളിലും പച്ചക്കറി ഇനങ്ങൾക്ക് വില വർധനവ് സ്വാഭാവികമാണ്. എന്നാൽ ഇതൊന്നുമല്ലാത്ത കാലത്തെ വിലക്കയറ്റത്തിന് മുന്നിൽ അന്തിച്ചുനിൽക്കുകയാണ് ജനം. പച്ചക്കറി വിപണിയിൽ താരതമ്യേന ഒരേ വിലനിലവാരം പുലർത്തിയിരുന്ന മത്തനും കുമ്പളനും ചേനയും ചേമ്പും എന്നുവേണ്ട സകലത്തിനും വില വർധിച്ചിട്ടുണ്ട്. 15 മുതൽ 18 രൂപ മാത്രം വിലയുണ്ടായിരുന്ന മത്തന്‍ 30 മുതൽ 35 രൂപയും ഇളവന്‍ 25 - 40 രൂപയുമായി. 35 മുതൽ 40 രൂപ വരെയായിരുന്നു നേരത്തെ ചേനയുടെ വില. ഇത് 80 രൂപയിലെത്തി. 50 രൂപയുടെ ചേമ്പിന് 110 രൂപയും 30 രൂപയുടെ പയറിന് 60 മുതൽ 70 രൂപ വരെയും വില ഉയർന്നു. പച്ചമുളക് - 110 രൂപ, തക്കാളി 70 മുതൽ 80 രൂപ, ഇഞ്ചി 180 രൂപ, മുരിങ്ങക്കായ 140 രൂപ എന്നീ ക്രമത്തിലാണ് നിലവിൽ വിപണി വില. വിലക്കുറവിൽ എക്കാലവും മുന്നിലായിരുന്ന കാബേജിന് പോലും കിലോക്ക് 50 മുതൽ 60 രൂപ വരെ നൽകണം.
ഗ്രാമീണ മേഖലകളിൽ നിന്നുള്ള നാടൻ ഉൽപന്നങ്ങളുടെ വരവ് ഇല്ലാതായി. പന്നിയും മയിലും പെരുകിയതോടെ കൃഷി സംരക്ഷണം അസാധ്യമായി. പച്ചക്കറി കൃഷിയിൽനിന്ന് കർഷകരിൽ ഏറെപേരും പിൻവാങ്ങിയ അവസ്ഥയാണ്. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറിയാണ് പിന്നത്തെ ആശ്രയം. മഴയും മറ്റും കാരണങ്ങളാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളുടെ വരവിൽ കുറവ് അനുഭവപ്പെടുന്നതും വില വർധനക്ക് കാരണമാകുന്നതായി വ്യാപാരികൾ പറയുന്നു. പച്ചക്കറി വില ഭയന്ന് മത്സ്യം വാങ്ങാമെന്ന് കരുതിയാൽ നേരത്തെ ഉണ്ടായിരുന്നതിന്റെ രണ്ടും മൂന്നും മടങ്ങ് വിലയാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. പലവ്യജ്ഞത്തിന്റെ കാര്യത്തിലാണെങ്കിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂടിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.