കാര്യക്ഷമമല്ലാതെ എ.ബി.സി പദ്ധതി; തെരുവ് നായ്ക്കൾ പെരുകുന്നു
text_fieldsഒറ്റപ്പാലം: കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ എ.ബി.സി പദ്ധതിയുടെ തണലിലും നാടും നഗരവും ഭേദമില്ലാതെ തെരുവ് നായ്ക്കൾ പെരുകുന്നു. പൊതു ഇടങ്ങൾ പോലും ഇവയുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളായിട്ടുണ്ട്.
തെരുവ് നായ്ക്കളെ ഭയന്ന് വീടുകളിലെ കോഴിവളർത്തൽ പലരും ഉപേക്ഷിച്ചു കഴിഞ്ഞു. വീട്ടുവളപ്പിലേക്ക് കൂട്ടത്തോടെ അതിക്രമിച്ച് കയറി ഒന്നിലേറെ കോഴികളെയാണ് ഒരേസമയം ഇവ പിടികൂടുന്നത്.
നായ്ക്കളുടെ അക്രമണത്തിൽ കടിയേൽക്കുന്നവർക്ക് കുത്തിവെപ്പിനായി പലപ്പോഴും പാലക്കാടും തൃശൂരുമുള്ള ആശുപത്രികളേയാണ് ആശ്രയിക്കേണ്ടി വരുന്നത്. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കിയ എ.ബി.സി പദ്ധതി ഒട്ടും കാര്യക്ഷമമല്ലെന്നതിന്റെ സാക്ഷ്യം കൂടിയാണ് അനുദിനം പെരുകുന്ന നായ്ക്കൾ. വന്ധ്യംകരണ ശസ്ത്രക്രിയക്ക് സംവിധാനമുള്ളത് ഒറ്റപ്പാലം മൃഗാശുപത്രിയിൽ മാത്രമാണ്. അതാത് പഞ്ചായത്തുകളിൽനിന്ന് പിടികൂടുന്ന നായ്ക്കൾക്ക് അവിടുത്തെ മൃഗാശുപത്രികളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ ആവശ്യമായ സംവിധാനമില്ല. നായ്ക്കളെ പിടികൂടാനുള്ള ജോലിക്കാരും ഡോക്ടർമാരും നാമമാത്രമാണ്. ജനുവരി മുതൽ ജൂൺ വരെ പ്രതിമാസം 120 നായ്ക്കളെ വീതം മാത്രമാണ് വന്ധ്യംകാരണത്തിന് വിധേയമാക്കാൻ കഴിഞ്ഞിട്ടുള്ളതെന്നാണ് ഇക്കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ ബന്ധപ്പെട്ട ഡോക്ടറുടെ പ്രതികരണം. പഞ്ചായത്തുകൾ മൂന്നര ലക്ഷം രൂപ ഫണ്ട് ഇതിനായി വകയിരുത്തണമെന്ന നിബന്ധന പാലിക്കപ്പെടാത്തതും പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന ആരോപണവും യോഗത്തിൽ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.