ബസുകളുടെ മരണപ്പാച്ചിൽ; ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സ്പീഡ് ബ്രൈക്കർ സ്ഥാപിച്ചുതുടങ്ങി
text_fieldsഒറ്റപ്പാലം: നഗരസഭ സ്റ്റാൻഡിൽ ബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്റ്റാൻഡിനകത്ത് സ്പീഡ് ബ്രൈക്കർ (ഹമ്പ്) സ്ഥാപിച്ചുതുടങ്ങി. മാർച്ച് അന്ത്യത്തോടെ കൊൽക്കത്ത സ്വദേശിയായ അമീനൂർ ഷെയിക്ക് എന്ന യുവാവ് ചീറിപ്പാഞ്ഞുവന്ന ബസിന്റെ ചക്രങ്ങൾക്കടിയിൽപെട്ട് മരിച്ചതോടെയാണ് സ്പീഡ് ബ്രൈക്കർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. ഇതേതുടർന്നാണ് നഗരസഭയുടെ നേതൃത്വത്തിൽ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹമ്പുകൾ സ്ഥാപിക്കാൻ തീരുമാനമായത്. ഒറ്റപ്പാലത്ത് സ്ഥല സൗകര്യങ്ങളുടെ അഭാവമല്ല മറിച്ച്, കൃത്യമായ സുരക്ഷ ക്രമീകരങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയാണ് ഒന്നിന് പിറകെ മറ്റൊന്നെയെന്ന ക്രമത്തിൽ അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നതെന്ന ആക്ഷേപം പരക്കെയുണ്ട്. ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തത് മുതൽ സ്റ്റാൻഡിനകത്ത് നടന്ന നിരവധി അപകടങ്ങളിലായി ഒട്ടേറെ മരണങ്ങളും അത്യാഹിതങ്ങളും ഇതിനകം അരങ്ങേറിയിട്ടുണ്ട്.
ഏറ്റവും ഒടുവിലത്തേതാണ് കൊൽക്കൊത്ത സ്വദേശിയുടെ മരണം. എന്നാൽ ഇതുവരെ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ അധികൃതർ നിസ്സംഗത ഭാവം കൈക്കൊള്ളുകയായിരുന്നു. യാത്രക്കാർ കാത്തിരിക്കുന്ന ഇരിപ്പടിങ്ങൾക്ക് അഭിമുഖമായി ബസുകളുടെ പിൻവശം വരത്തക്കവിധത്തിലുള്ള നിലവിലെ പാർക്കിങ്ങും ഉൾപ്പടെ നിരവധി പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ട്. ഇക്കാര്യങ്ങൾ നിരവധി തവണ താലൂക്ക് വികസന സമിതി, ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗങ്ങളിൽ ചർച്ച വിഷയങ്ങളായെങ്കിലും അത്യാഹിതങ്ങൾ അരങ്ങേറുന്നത് വരെ അധികൃതർ ചെറുവിരൽ അനക്കാൻ തയാറായിട്ടില്ല. റോഡിൽ വന്നതിനേക്കാൾ വേഗത്തിലാണ് യാർഡിൽ പാർക്ക് ചെയ്യാൻ ബസുകൾ സ്റ്റാൻഡിൽ ചീറിപ്പായുന്നത്, ദിവസം യുവാവിന്റെ ജീവനെടുത്ത ബസും ഇത് തന്നെയാണ് ആവർത്തിച്ചതെന്ന് സ്റ്റാൻഡിലെ ദൃക്സാക്ഷികൾ മൊഴിനൽകിയിരുന്നു.
നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്ക്) സംഘം നേരത്തെ ബസ് സ്റ്റാൻഡിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. യാത്രക്കാർ നേരിടുന്ന സുരക്ഷ ഭീഷണി സംബന്ധിച്ച പരാതികളെ തുടർന്നായിരുന്നു പരിശോധന. സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നതുൾപ്പടെ നിരവധി ന്യുനതകൾ നാറ്റ്പാക് സംഘത്തിന് ബോധ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിലും പരിഹാര നടപടികൾ നാളിതുവരെ കൈക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.