ഇൻറർനെറ്റ് വേഗക്കുറവ് ഓൺലൈൻ പഠനം: പലയിടത്തും വിദ്യാർഥികൾ 'പരിധിക്കു പുറത്ത്'
text_fieldsഒറ്റപ്പാലം: ഇൻറർനെറ്റിെൻറ ഒച്ചിഴയും വേഗതയും റേഞ്ച് ലഭ്യതക്കുറവും ഓൺലൈൻ പഠനത്തിൽനിന്ന് വിദ്യാർഥികളെ പരിധിക്ക് പുറത്താക്കുന്നു. മക്കളുടെ വിഷമാവസ്ഥക്ക് പരിഹാരം തേടി സേവന ദാതാക്കളായ പ്രമുഖ കമ്പനികളെ മാറിമാറി പരീക്ഷിച്ച രക്ഷിതാക്കളിൽ പലർക്കും അമിത ചെലവ് മാത്രമാണ് മിച്ചമായത്. ഓൺലൈൻ ക്ലാസുകൾക്കിടയിൽ അടിക്കടി നേരിടുന്ന തടസ്സം ഫോണിനൊപ്പം വിദ്യാർഥികളെയും വട്ടംകറക്കുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇൗ പ്രശ്നം അനുഭപ്പെടുന്നുണ്ട്. ഓൺലൈൻ ക്ലാസിനിടയിൽ നേരിടുന്ന പ്രതിബന്ധം തരണം ചെയ്യാൻ വീടിെൻറ ടെറസിലും മുറ്റത്തും മുറികളുടെ കോണിലും ഓടിനടന്ന് ക്ലാസ് സമയം നഷ്ടമാകുന്ന കാഴ്ചക്ക് പുതുമയില്ലാതായി.
മേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും റേഞ്ച് ലഭ്യമാകാത്ത ഉൾഗ്രാമങ്ങൾ നിരവധിയുണ്ട്. നഗരസഭയിലെ തോട്ടക്കര പൂളക്കാപറമ്പ്, പാലപ്പുറം, വരോട് തുടങ്ങിയ പ്രദേശങ്ങളുടെയും അവസ്ഥ സമാനമാണ്. ഓൺലൈൻ ക്ലാസുകൾക്കും നോട്ടുകൾ ഡൗൺലോഡ് ചെയ്യുന്നതിനുമായി രണ്ട് ജി.ബിയിലേറെ ഡേറ്റ ഉപയോഗം നിത്യേന ആവശ്യമായി വരുന്നുണ്ട്. പ്രതിമാസം ഒരു കുട്ടിക്ക് ഇതിനായി ചുരുങ്ങിയത് 300 രൂപ ചെലവിട്ടിട്ടും പഠനം നടത്താൻ വഴിയില്ലാത്തതാണ് രക്ഷിതാക്കൾക്കും ആധിയാകുന്നത്.
പ്രതിസന്ധി മറികടക്കാൻ രക്ഷിതാക്കളിൽ ചിലർ സ്വകാര്യ കേബ്ൾ കണക്ഷനെയാണ് ആശ്രയിച്ചിരുന്നത്. ഇതിെൻറ കണക്ഷൻ ആവശ്യത്തിന് മുൻകൂറായി 2500 രൂപ മുതൽ 5500 രൂപ വരെ കേബിൾ നെറ്റ്വർക്ക് ഏജൻസികൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനുപുറമെ പ്രതിമാസം 600 രൂപയെങ്കിലും സ്ഥിരമായി മുടക്കാൻ കഴിയുന്നവർക്ക് മാത്രമേ ഇതിനെ പറ്റി ചിന്തിക്കാനാകൂ. സാധാരണക്കാർക്ക് തുണയാകേണ്ട ബി.എസ്.എൻ.എൽ കണക്ഷന് ഇതിലും ചെലവേറുമെന്ന ആക്ഷേപവുമുണ്ട്.
ജോലിയും കൂലിയുമില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ പണച്ചെലവേറിയ പഠനം ഏറെ ദുഷ്കരമായിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് കുട്ടികൾക്കായി ആരംഭിച്ച ഓൺലൈൻ പഠനം ലക്ഷ്യത്തിലെത്തുന്നതിന് വിദ്യാർഥികൾക്ക് കൃത്യമായ ഇൻറർനെറ്റ് സേവനം ഉറപ്പാക്കുകയും പ്രത്യേക നെറ്റ് പാക്കേജ് നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.