കഥകളി വേഷക്കാരൻ പകർന്നാടുന്നത് തൊഴിലാളി വേഷം
text_fieldsആട്ടവിളക്കിൽ കരിന്തിരി കത്തുന്ന കോവിഡ് കാലത്ത് അഷ്ടിക്ക് വക കണ്ടെത്താൻ ബാല്യത്തിലെ ചൊല്ലിയാട്ട കളരിയിൽ പരിശീലിക്കാത്ത വേഷം പകർന്നാടുകയാണ് (46) എന്ന കഥകളി കലാകാരൻ.
കൂലിത്തൊഴിലാളിയായി അപരിചിത മേഖലയിൽ പ്രവേശിച്ചത് മുതൽ നവരസങ്ങൾ മിന്നിമറഞ്ഞ ഈ കലാകാരെൻറ കരുവാളിച്ച മുഖത്ത് വിധി തീർത്ത നിസ്സഹായതയും മുദ്രകൾ വിരിയുന്ന കൈകളിൽ കഠിനാധ്വാനമേൽപ്പിച്ച തഴമ്പുമാണ് ബാക്കിപത്രം.
ചുനങ്ങാട് മയിലുംപുറം പുത്തൻവീട്ടിൽ കുളങ്ങര പരേതനായ അയ്യപ്പൻ നായരുടെ മകനായ മോഹനൻ 23 വർഷമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊച്ചിൻ കൾച്ചറൽ സെൻററിലെ കഥകളി വേഷക്കാരനാണ്.
വിദേശികൾ ഉൾെപ്പടെ ടൂറിസ്റ്റുകൾക്കായി നിത്യേനയുള്ള കളിയരങ്ങിൽ കഥകളിയിൽ ഏറെ ഇഷ്ടപ്പെട്ട താടി, പച്ച, കരി വേഷങ്ങൾ എടുത്തണിയുമ്പോൾ ജീവിതം പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. മാസത്തിൽ രണ്ട് തവണ വീട്ടിലെത്താറുള്ള ഇദ്ദേഹം മാർച്ച് ആദ്യവാരം ചിനക്കത്തൂർ പൂരത്തിന് നാട്ടിലെത്തി.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലായിരുന്നു അത്. പിറ്റേന്ന് മടക്കയാത്രക്കുള്ള ഒരുക്കത്തിനിടയിലാണ് എറണാകുളത്തേക്ക് വരേണ്ടതില്ലെന്നും തിയറ്റർ അടച്ചുപൂട്ടിയെന്നും സന്ദേശം ലഭിക്കുന്നത്. തുടർന്ന് രണ്ട് മാസം വീട്ടിലിരുന്നതോടെ കെ.എസ്.എഫ്.ഇയിലെ ഭവന വായ്പയുടെ തിരിച്ചടവ് ഉൾെപ്പടെ ബാധ്യതകൾ സ്വൈര്യക്കേടുണ്ടാക്കി തുടങ്ങി.
പ്രായമായ അമ്മയും ഭാര്യയും വിദ്യാർഥികളായ രണ്ട് പെൺമക്കളും ഉൾപ്പെടുന്ന അഞ്ചാംഗ കുടുംബത്തിെൻറ ജീവിതം പ്രതിസന്ധിയിലായി. ഒറ്റപ്പാലത്തെ കടകളിൽനിന്ന് ജീവനക്കാരെ ഒഴിവാക്കുന്ന സാഹചര്യത്തിൽ ആ ശ്രമവും ഉപേക്ഷിച്ചു.
കഥകളി മേഖലയിലെ രണ്ട് സ്ഥാപനങ്ങളും സുഹൃത്തുക്കളും ഇക്കാലത്ത് ചെറിയ സഹായങ്ങളുമായി രംഗത്ത് വന്നിരുന്നു. ക്ഷേമനിധിയിൽ അംഗമല്ലാത്തവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപക്ക് അപേക്ഷിച്ചെങ്കിലും അതും ലഭിച്ചില്ല. ഇതിനിടെ ലോക്ഡൗൺ ഇളവ് നിർമാണ മേഖലയിൽ ആളനക്കമുണ്ടാക്കി.
സുഹൃത്തും അയൽവാസിയുമായ കോൺട്രാക്ടർ സുകുമാരനെ കണ്ട് കെട്ടിടം പണിക്ക് വരട്ടേയെന്ന ചോദ്യം വഴിത്തിരിവായി. അർധമനസ്സിൽ അദ്ദേഹം മൂളിയതോടെയാണ് മോഹനൻ നിർമാണ തൊഴിലാളിയായത്. ദിവസം കൂലിയായി ലഭിക്കുന്ന 650 രൂപയാണ് ഇപ്പോഴത്തെ ഏക ആശ്രയം.
കഥകളി വേഷത്തിലൂടെ സ്ഥിരം വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഭവന വായ്പയെടുത്ത് വീട് നിർമാണത്തിന് ധൈര്യം പകർന്നത്. വരുമാനം നിലച്ചതോടെ വായ്പയടക്കാൻ വഴിയില്ലാതെ ഉഴലുകയാണ് ഇദ്ദേഹം.
വേഷത്തിന് പുറമെ കഥകളി സോദാഹരണ ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്ന മോഹനൻ ഏതാനും പരസ്യചിത്രങ്ങളിലും വെള്ളരിപ്രാവിെൻറ ചങ്ങാതി, ഓലപ്പീപ്പി തുടങ്ങിയ സിനിമകളിലും മുഖംകാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.