ഒറ്റപ്പാലത്ത് വനിതകൾക്ക് ഖാദി നെയ്ത്ത് കേന്ദ്രമൊരുങ്ങി
text_fieldsഒറ്റപ്പാലം: ഗ്രാമീണ സ്ത്രീകൾക്ക് തൊഴിൽ നൽകാനായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഖാദി നെയ്ത്ത് കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു.
ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്തിലെ പൂക്കാട്ട്കുന്ന് പ്രദേശത്താണ് നെയ്ത്ത് കേന്ദ്രം ആരംഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന് മൂന്ന് ഘട്ടമായി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നെയ്ത്ത് കേന്ദ്രത്തിനുള്ള കെട്ടിടം നിർമിച്ചത്.
കേരള സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സഹകരണത്തോടെ വനിതകൾക്ക് നെയ്ത്തു പരിശീലനം നൽകി തൊഴിൽ നൽകാനുള്ള യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ എട്ടുപേർക്ക് തൊഴിൽ നൽകാനാകും. പ്രാരംഭ ഘട്ടമെന്നോണം ആറുമാസം തൊഴിൽ പരിശീലനവും നൽകും. ഇതോടൊപ്പം മാസം ആയിരം രൂപ സ്റ്റൈപൻഡും ലഭിക്കും.
പരിശീലനം പൂർത്തിയാക്കുന്ന മുറക്ക് ഇവരുടെ തൊഴിലിനനുസരിച്ച് വരുമാനം കണ്ടെത്താനാകും. തുടർന്ന് ഖാദി തൊഴിലാളികളുടെ ആനുകൂല്യമുൾപ്പെടെയുള്ള വേതനവും ലഭിക്കും. പത്ത് പേർക്ക് കൂടി തൊഴിൽ ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് വരുമാനം കണ്ടെത്തി അവരെ സ്വയം പര്യാപ്തരാക്കുന്നതോടൊപ്പം ഖാദി സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു
ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഈ മാസം 11ന് വൈകീട്ട് മൂന്നിന് ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.