കാക്കാത്തോട്ടിൽ ഭൂമി കൈയേറ്റമെന്ന്
text_fieldsഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം കാക്കാത്തോട്ടിൽ ഭൂമി കൈയേറ്റം വ്യാപകമെന്ന് പരാതി. ഇതേ തുടർന്ന് തോടിന്റെ വീതി കുറയുന്ന സാഹചര്യത്തിൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യത കൂടുതലാണെന്നും ആക്ഷേപം. കഴിഞ്ഞദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധി പി.എം.എ. ജലീലാണ് പരാതിയുമായി രംഗത്തെത്തിയത്. വീതികുറവുമൂലം തോട്ടിൽ ശക്തമായ കുത്തൊഴുക്കാണ്. തോടിന്റെ വീതി അളന്ന് തിട്ടപ്പെടുത്തണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
എന്നാൽ താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലത്ത് രണ്ട് താലൂക്ക് സർവേയർമാർ മാത്രമാണ് നിലവിലുള്ളതെന്നും ജോലിഭാരം മൂലം ഇവരെ ലഭ്യമല്ലാത്ത അവസ്ഥയാണെന്നും തഹസിൽദാർ അറിയിച്ചു. ഭൂമി കൈയേറ്റങ്ങൾ സംബന്ധിച്ചും അടിയന്തര പ്രാധാന്യത്തോടെ സർവേ ആവശ്യപ്പെട്ടും നിരവധി അപേക്ഷകളാണ് തീർപ്പ് കാത്തുകിടക്കുന്നതെന്നും എന്നാൽ രണ്ട് സർവേയർമാരുടെ സേവനത്തിലൂടെ ഇതൊന്നും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും ഇതിനുപുറമെ കോടതിയുടെ ഉത്തരവ് പ്രകാരം ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ട കേസുകൾ വേറെയുമുണ്ടെന്നും തഹസിൽദാർ പറഞ്ഞു.
പലജില്ലകളിലും സ്വകാര്യ സർവേയർമാരുടെ സേവനം ആശ്രയിക്കുന്നുണ്ടെകിലും ഒറ്റപ്പാലത്ത് ഈ പതിവില്ല. ഒറ്റപ്പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഈസ്റ്റ് ഒറ്റപ്പാലത്തെയും കണ്ണിയംപുറത്തെയും തോടിന്റെ വശങ്ങൾ കരിങ്കൽ കെട്ടി സംരക്ഷിക്കാനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന പ്രഖ്യാനം നേരത്തെ നടന്നിരുന്നു. പി. ഉണ്ണി എം.എൽ.എ ആയിരിക്കെയാണ് പ്രഖ്യാപനം നടന്നത്. എന്നാൽ പ്രഖ്യാപനത്തിനപ്പുറത്തേക്ക് യാതൊന്നും നടന്നില്ല.
പാലക്കാട്- കുളപ്പുള്ളി പാത കടന്നുപോകുന്നത് തോടിന് കുറുകെയുള്ള പാലം വഴിയാണ്. തോട് ചെന്ന് ചേരുന്ന ഭാരതപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന കൈയേറ്റം സംബന്ധിച്ച ആക്ഷേപങ്ങൾക്ക് വർഷങ്ങളായിട്ടും നടപടികളില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തോട് സംരക്ഷണം വൈകുന്നത് തോടിന്റെ കൂടുതൽ സ്ഥലം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന ആശങ്കയാണ് പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.