മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ വലയിൽ കുടുങ്ങിയവരുടെ ജീവിതം താളം തെറ്റുന്നു
text_fieldsഒറ്റപ്പാലം: മൈക്രോ ഫിനാൻസ് സ്ഥാപങ്ങളിൽ നിന്ന് വായ്പ എടുത്തവരുടെ ജീവിതം താളം തെറ്റുന്നു. തിരിച്ചടവ് മുടങ്ങുന്നതോടെ സ്ഥാപങ്ങളുടെ ഏജൻറുമാർ ഭീഷണിയുമായി രാപകൽ ഭേദമില്ലാതെ വീടുകളിൽ കയറിയിറങ്ങുന്നത് കുടുംബങ്ങൾക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. ചികിത്സ പോലുള്ള അത്യാവശ്യങ്ങളുടെ സമ്മർദത്തിലാണ് പലരും ഇവരുടെ ഇരകളാവുന്നത്. ഭീമമായ പലിശയും തിരിച്ചടവിന്റെ കർക്കശ്യവും അറിയാതെയാണ് ഭൂരിഭാഗവും ഇതിൽ പെട്ടുപോകുന്നത്. വായ്പയുടെ തിരിച്ചടവ് മുടങ്ങുന്നതോടെയാണ് ഫിനാൻസ് സ്ഥാപനങ്ങളുടെ തനി നിറം പുറത്താവുന്നത്. പലിശയും പിഴപ്പലിശയും അടക്കമുള്ള കുടിശ്ശിക തിരിച്ചടക്കാൻ വരുമാനമില്ലാത്ത അവസ്ഥയിൽ ഇവരുടെ ഭീഷണിക്ക് മുന്നിൽ ആത്മഹത്യ മാത്രമാണ് ആശ്രയമെന്ന നിലയിലാണ് കാര്യങ്ങൾ.
കഴിഞ്ഞ ദിവസം പാലപ്പുറം എസ്.ആർ.കെ നഗർ സ്വദേശി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതിനു പിന്നിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണെന്ന് നാട്ടുകാർ പറയുന്നു. ഉടമ ഓട്ടോ വിൽക്കുകയും ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന് തൊഴിൽ നഷ്ടമാവുകയും കട ബാധ്യത അടയ്ക്കാൻ ഫിനാൻസ് ഏജൻറുമാരുടെ സമ്മർദങ്ങൾ കൂടുകയും ചെയ്തതാണ് ആത്മഹത്യയിൽ അഭയം തേടാൻ കാരണമായതെന്ന് പറയുന്നു.
കുടിശ്ശിക അടക്കാൻ പണമില്ലെന്ന് തിരിച്ചറിഞ്ഞ ശേഷവും ഫിനാൻസ് സ്ഥാപങ്ങളുടെ ഏജൻറുമാർ രാത്രിയും വീടുകളിൽ കയറിയിരുന്ന് അസഭ്യവും ഭീഷണിയും പതിവാണെന്ന് കടമെടുത്തവർ പറയുന്നു. നേരത്തെ പണം കടം കൊടുത്തിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ആഴ്ചക്കാരായ പിരിവുകാർ ഇവരേക്കാൾ എത്രയോ ഭേദമായിരുന്നെന്നും ഇല്ലായ്മകൾ കണ്ടറിഞ്ഞ് തിരിച്ചടവിന് അവധി നൽകിയിരുന്നെന്നും പറയുന്നു.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ബ്ലേഡ് മാഫിയകളുടെ നിലവാരത്തിലേക്ക് തരം താഴ്ന്നതിന്റെ നേരനുവഭവങ്ങളാണ് ഓരോ ദിവസവും കാണേണ്ടി വരുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ.കെ. ജയരാജൻ ആരോപിച്ചു.
ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഓട്ടോ ഡ്രൈവറുടെ സമാനമായ രീതിയിൽ ഷൊർണൂരും ആത്മഹത്യ നടന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.