മിനി സിവിൽ സ്റ്റേഷനിൽ കൂറ്റൻ കൂട്; തേനീച്ചകളെ ഭയന്ന് 13 സർക്കാർ ഓഫിസുകൾ
text_fieldsഒറ്റപ്പാലം: നൂറുകണക്കിന് ആളുകൾ നിത്യേനയെത്തുന്ന കണ്ണിയംപുറത്തെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കൂറ്റൻ തേനീച്ചക്കൂട് ജീവനക്കാർക്കും പൊതുജനത്തിനും ഭീഷണിയാകുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ചുവരിൽ തൂങ്ങിയ നിലയിലാണ് കൂടുള്ളത്.
കൂടിന് നേരെയുണ്ടാകുന്ന ചെറിയൊരു ആക്രമണം മതി പ്രദേശമാകെ ദുരിതത്തിലാകാൻ. സബ് ട്രഷറി, ജോയന്റ് ആർ.ടി.ഒ, ലാൻഡ് ട്രൈബ്യൂണൽ, എക്സൈസ് തുടങ്ങി 13 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അക്രമകാരികളായ തേനീച്ചകളും പാർപ്പുറപ്പിച്ചിരിക്കുന്നത്.
മാസങ്ങളായി ഭീഷണി തലക്ക് മീതെ തൂങ്ങി നിന്നിട്ടും കൂട് മാറ്റിസ്ഥാപിക്കാനോ ഇല്ലായ്മ ചെയ്യാനോ ആവശ്യമായ നടപടികളൊന്നും ഇതേവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. വനം വകുപ്പ്, അഗ്നിരക്ഷ സേന എന്നീ വകുപ്പുകളെ മിനി സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
ഏറ്റവും മുകളിലെ ചുമരിൽ തൂങ്ങിയ നിലയിലുള്ള തേനീച്ചക്കൂട് നീക്കം ചെയ്യൽ ദുഷ്കരമായതിനാലാകാം തുടർ നടപടികൾ വൈകുന്നതെന്ന സംശയവുമുണ്ട്. മഹാ ദുരന്തം സംഭവിക്കും മുമ്പ് എങ്ങനെയെങ്കിലും കൂട് നീക്കണമെന്നതാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.