മോഹനന്‍റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകുന്നത് ദുരൂഹതക്ക് ആക്കം കൂട്ടുന്നതായി ബന്ധുക്കൾ
text_fieldsഒറ്റപ്പാലം: കീഴൂർ വടക്കേ പുരക്കൽ മോഹനൻ (59) കണ്ണിയംപുറത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നതായും 50 ദിവസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിന് പിന്നിൽ ആശങ്കയുണ്ടെന്നും പിതാവും സഹോദരങ്ങളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മോഹനന്‍റേത് കൊലപാതകമാണെന്ന് ഇവർ ആവർത്തിച്ചു.
കണ്ണിയംപുറത്തെ വീട്ടിൽ മോഹനൻ മരിച്ചതായി വിവരം ലഭിക്കുന്നത് മാർച്ച് ഒമ്പതിന് പുലർച്ചയാണ്. വിവരമറിഞ്ഞെത്തിയ സഹോദരങ്ങൾ ഉൾെപ്പടെയുള്ള ബന്ധുക്കൾ വീടിന്‍റെ ഹാളിൽ ദേഹമാസകലം മുറിവേറ്റ് രക്തം വാർന്നും കൈയിലെ അസ്ഥിക്ക് ക്ഷതമേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തും രക്തപ്പാടുകൾ ദൃശ്യമായിരുന്നെന്നും ഇവർ പറയുന്നു.
അന്വേഷണത്തിൽ ഹാർട്ട് അറ്റാക്കാണ് മരണകാരണമെന്നായിരുന്നു മോഹനന്‍റെ ഭാര്യയുടേയും കൂടിനിന്നവരുടെയും പ്രതികരണം. ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്ന മോഹനൻ കണ്ണിയംപുറത്ത് വീട് വാങ്ങിയ ശേഷം ഭാര്യയുമായാണ് താമസിച്ചുവന്നിരുന്നത്. എന്നാൽ, ഒരുമിച്ച ശേഷവും ഇവർക്കിടയിലുണ്ടായിരുന്ന അകൽച്ചക്ക് മാറ്റമുണ്ടായിരുന്നില്ലെന്ന് മോഹനൻ പറഞ്ഞിരുന്നതായി സഹോദരങ്ങൾ വെളിപ്പെടുത്തി. വീടിന്‍റെ പുറത്തെ ഓഫിസ് മുറിയിൽ സ്ഥിരമായി കിടക്കാറുണ്ടായിരുന്ന മോഹനന്‍റെ മൃതദേഹം വീടിനകത്തെ ഹാളിൽ കണ്ടെത്തിയതും ദുരൂഹത ഇരട്ടിപ്പിക്കുന്നു. മോഹനന് വീടിനകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
സംഭവസമയം ഇവരുടെ മകനോ മകളോ സ്ഥലത്തുണ്ടായിരുന്നില്ല. സംസ്കാരത്തിന് തിടുക്കം കൂട്ടുന്നതിനിടയിൽ പിതാവ് കൃഷ്ണനും സഹോദരങ്ങളും ചേർന്ന് ഒറ്റപ്പാലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടന്നത്. പിറ്റേന്ന് മൃതദേഹം ഏറ്റുവാങ്ങുമ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 10 ദിവസത്തിനകം ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. മോഹനൻ മരിച്ച വിവരം പുലർച്ച അറിയിച്ചത് ഭാര്യാസഹോദരൻ ആയിരുന്നെന്നും എന്നാൽ വിളിച്ചറിയിച്ച ഫോൺ പിന്നീട് നഷ്ടപ്പെട്ടതായാണ് ഇവരുടെ വെളിപ്പെടുത്തലെന്നും ബന്ധുക്കൾ ആരോപിച്ചു.
പ്രത്യേകിച്ച് ഒരു അസുഖവുമില്ലാതിരുന്ന മോഹനൻ സംഭവദിവസവും ആശാരിപ്പണിക്ക് പോയിരുന്നു.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചില്ലെന്നും മരണത്തിലെ ദുരൂഹത നീക്കാൻ ആവശ്യമായ അന്വേഷണം നടന്നിട്ടില്ലെന്നും കാണിച്ച് ഷൊർണൂർ ഡിവൈ.എസ്.പിക്ക് 18ന് പരാതി നൽകിയതാണ്. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വാർത്ത സമ്മേളനത്തിൽ പിതാവിന് പുറമെ സഹോദരങ്ങളായ രവിശങ്കർ, പ്രേമലത, രാജഗോപാലൻ, രുഗ്മിണി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.