നൂറിലേറെ വീടുകളിൽ വെള്ളം കയറി; ഒറ്റപ്പാലത്ത് പലായനം
text_fieldsഒറ്റപ്പാലം: വെള്ളപ്പൊക്കത്തിന്റെ ദുരിതവുമായി സ്വന്തം വീടുകൾ ഉപേക്ഷിച്ച് നൂറിലേറെ കുടുംബങ്ങൾ പ്രാണരക്ഷാർഥം പലായനം ചെയ്തു. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും വെള്ളപ്പൊക്ക കെടുതി നേരിട്ടിട്ടുണ്ട്. പലരും ബന്ധുവീടുകളിൽ അഭയം തേടി. ചിലരാകട്ടെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിച്ചുകൂട്ടുന്നത്. നഗരത്തോട് ചേർന്ന് കിടക്കുന്ന ശാന്തി നഗർ നിവാസികളായ 50ൽപരം വീട്ടുകാർ വാസസ്ഥലത്തേക്ക് വെള്ളം കയറിയതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് താമസം മാറ്റി. രണ്ടു നിലകളുള്ള വീട്ടുകാർ വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ തട്ടിൻ പുറങ്ങളിലേക്ക് മാറ്റിയാണ് വീടുവിട്ടിറങ്ങിയിരിക്കുന്നത്. അതേസമയം, ഒറ്റനിലയിലെ താമസക്കാർക്ക് ബദൽ സംവിധാനങ്ങളില്ലാത്തതിനാൽ എല്ലാം അതേപടി ഉപേക്ഷിച്ചാണ് പോയതെന്ന് പ്രദേശവാസികൾ പറയുന്നു. ദുരിതത്തോടൊപ്പം കനത്ത നാശനഷ്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
കണ്ണിയംപുറം തോടിന് കുറുകെ ഒഴുക്ക് തടസ്സപ്പെടും വിധം കിടക്കുന്ന മരങ്ങളും മറ്റും നീക്കം ചെയ്യുന്നതിലുണ്ടായ അധികൃതരുടെ വീഴ്ചയാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണമായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കണ്ണിയംപുറം സെമാൽക് ആശുപത്രി, ഗാന്ധി നഗർ റസിഡൻസ് എന്നിവിടങ്ങളിൽ നാൽപതോളം വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ ഫ്ലാറ്റിൽ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെയുള്ളവരെ നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്നാണ് പുറത്തെത്തിച്ചത്.
ഈസ്റ്റ് ഒറ്റപ്പാലം, വിവേകാനന്ദ റസിഡൻറ്സ് എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. കാഞ്ഞിരക്കടവ് തോട്ടിൽ നിന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് അമ്പലപ്പാറ- ഒറ്റപ്പാലം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കണ്ണിയംപുറം- സൗത്ത് പനമണ്ണ റോഡിലെ പാലത്തിൽ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് ഇവിടെയും ഗതാഗതം തടസ്സപ്പെട്ടു. മുളഞ്ഞൂർ തോട് കരകവിഞ്ഞതിനെ തുടർന്ന് നെല്ലിക്കുറുശ്ശി-പാലപ്പുറം റോഡിലെ കുതിരവഴിപ്പാലം അധികൃതർ അടച്ചിട്ടു. 2018, 2019 വർഷത്തെ വെള്ളപ്പൊക്കത്തിന് ശേഷം ആദ്യമായാണ് ഇത്തരം അനുഭവം.
ഷൊർണൂരിൽ നൂറോളം വീടുകളിൽ വെള്ളംകയറി
ഷൊർണൂർ: കനത്ത മഴയിൽ ഷൊർണൂരിലെ നൂറോളം വീടുകളിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മിക്ക റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ബസ് സർവിസുകൾ നിർത്തി. മരങ്ങൾ കടപുഴകിയും കൊമ്പ് പൊട്ടിവീണും മതിലുകൾ തകർന്നും നാശമുണ്ടായി. വാഴ, പച്ചക്കറി കൃഷികൾ അവതാളത്തിലായി. ഗണേശ്ഗിരി നിള പമ്പ്ഹൗസ് റോഡ് ഒറ്റപ്പെട്ടു. 41 വീടുകളിൽ വെള്ളം കയറി. ഗണേശ് ഗിരി ജി.എച്ച്.എസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 20 പേരെ മാറ്റി പാർപ്പിച്ചു. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് മാറ്റി. ചുടുവാലത്തൂർ സൗത്ത്, ഈസ്റ്റ് വാർഡുകളിലായി 32 വീടുകളിൽ വെള്ളം കയറി. കാരക്കാട് തത്തംകോട് ഏഴ് വീടുകളിൽ വെള്ളം കയറി. കുളപ്പുള്ളി, കണയം വെസ്റ്റ്, ഈസ്റ്റ് വാർഡുകളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
നഗരസഭയുടെ പൊതുശ്മശാനത്തിലേക്കുള്ള റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. നമ്പ്രം പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. റെയിൽവേ സ്റ്റേഷന് പിറകിലൂടെയുള്ള തെക്കേ റോഡിലും വെള്ളം കയറി. ചുടുവാലത്തൂർ തോട്ട് പാലം റോഡ് വെള്ളം മുങ്ങിക്കിടക്കുകയാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ കൂനത്തറ ടൗൺ ഭാഗത്ത് വെള്ളം കയറി. മിക്ക സ്ഥലത്തും ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.