വാഹനവുമില്ല, ജീവനക്കാരുമില്ല; മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റപ്പാലം ഓഫിസ് പ്രവർത്തനം താളംതെറ്റി
text_fieldsഒറ്റപ്പാലം: ജീവനക്കാരുടെ കുറവും സ്വന്തമായി വാഹനമില്ലാത്തതും ഒറ്റപ്പാലത്തെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം താളം തെറ്റിക്കുന്നു. വിശാലമായ പ്രവർത്തന പരിധിയിലെ സ്കൂൾ വാഹങ്ങളുടെ മൺസൂൺ പരിശോധന കൂടി തിരക്കിട്ട് നടത്തേണ്ട ജോയൻറ് ആർ.ടി ഓഫിസ് ഇതുമൂലം നട്ടം തിരിയുകയാണ്. ഓഫിസിന് 2009ൽ അനുവദിച്ച വാഹനം 15 വർഷം പിന്നിട്ടുകഴിഞ്ഞു. കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഡ്രൈവറും ഇല്ലാതായി. ഓഫിസ് ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് പുറത്ത് പോകണമെങ്കിൽ വാടകക്ക് വാഹനങ്ങൾ വിളിക്കേണ്ട അവസ്ഥയാണ്. എന്നാൽ, ഇതിന് വാടക അനുവദിച്ചുകിട്ടാൻ വ്യവസ്ഥയുമില്ല. ഉദ്യോഗസ്ഥർ സ്വന്തം വാഹനം ഓഫിസ് കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഒറ്റപ്പാലത്ത്.
പുതിയ വാഹനം എന്നെത്തുമെന്നത് സംബന്ധിച്ച് ഒരു വിവരവും ലഭ്യവുമല്ല. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ (എ.എം.വി.ഐ) കുറവാണ് ഒറ്റപ്പാലത്തെ മറ്റൊരു പ്രതിസന്ധി. നാല് എ.എം.വി.ഐ മാർ വേണ്ടിടത്ത് നിലവിലുള്ളത് ഒരാൾ മാത്രമാണ്. രണ്ടുപേർ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലും മറ്റൊരാൾ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് അവധിയിലുമാണ്. താങ്ങാവുന്നതിനപ്പുറം ജോലി ഭാരമേറിയതോടെ ഓഫിസിന്റെ ദൈനദിന പ്രവർത്തനം പ്രതിസന്ധിയിലായി. ആഴ്ചയിൽ നാല് ദിവസം നടന്നിരുന്ന പരിശോധനയും ടെസ്റ്റും രണ്ട് ദിവസമായി കുറക്കാൻ ഇതുമൂലം നിർബന്ധിതരായി.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഡ്രൈവിങ് പരീക്ഷയും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വാഹന ക്ഷമത പരിശോധനയുമാണ് നിലവിൽ നടക്കുന്നത്. ഡ്രൈവിങ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ വാഹന പരിശോധന നടത്താൻ പാടില്ലെന്ന നിർദേശമാണ് പൊല്ലാപ്പായത്. ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, ഷൊർണൂർ നഗരസഭകളും വാണിയംകുളം, അമ്പലപ്പാറ, അനങ്ങനടി, ലക്കിടി - പേരൂർ പഞ്ചായത്തുകളും ഉൾപ്പെട്ട പ്രദേശമാണ് ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പിന്റെറ പ്രവർത്തന പരിധി. ഓഫിസുമായി ബന്ധപ്പെട്ട ദൈനം ദിന പ്രവർത്തങ്ങൾക്ക് പുറമെ ഒറ്റപ്പാലം ഉൾപ്പെടെ സമീപങ്ങളിലെ നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ട ഉത്തരവാദിത്തവും എ.എം.വി.ഐ മാർക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.