ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭ അധികൃതർ
text_fieldsഒറ്റപ്പാലം: താലൂക്ക് ആശുപത്രി സൂപ്രണ്ടിൽ നിന്ന് കുറ്റകരമായ അനാസ്ഥയാണ് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കൗൺസിൽ യോഗത്തിൽ നഗരസഭ അധികൃതർ. ആശുപത്രിയിലെ ഡോക്ടർമാരെ സംബന്ധിച്ച് പ്രതിപക്ഷത്ത് നിന്ന് വീണ്ടും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ ഉപാധ്യക്ഷന്റെ കുറ്റസമ്മതം. പത്ത് വയസുള്ള മകനെ കുട്ടികളുടെ ഡോക്ടറെ കാണിക്കാൻ രാവിലെ 11.30 മുതൽ കുട്ടികളുടെ സ്പെഷലിസ്റ്റ് ഡോക്ടർക്ക് മുന്നിൽ വരിനിന്ന മാതാവിന്റെ ദുരനുഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് കൗൺസിലർ എം. ഗോപനാണ് പരാതിയുമായി രംഗത്ത് വന്നത്. ഛർദിച്ച് അവശനായ കുട്ടിയുമായി ഡോക്ടർക്ക് മുന്നിൽ മാതാവ് എത്തിയത് 1.15 നാണ്. മരുന്നെഴുതാൻ തുടങ്ങിയ ഡോക്ടർ പൊടുന്നനെ എഴുന്നേറ്റ് കാഷ്വാലിറ്റിയിൽ കൊണ്ടുപോയി കാണിക്കൂ എന്നറിയിച്ച് മുറി വിട്ട് പുറത്തുപോവുകയായിരുന്നുവെന്ന് ഗോപൻ പറഞ്ഞു.
ഒ.പി ടിക്കറ്റും കൈവശം വച്ച് എന്തുചെയ്യണമെന്ന് അറിയാതെ ആ മാതാവ് ധർമ്മസങ്കടത്തിലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇത് സംബന്ധിച്ച് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും ഒന്നുമുണ്ടായില്ല. പൊതുപ്രവർത്തകരോ ജനപ്രധിനിധികളോ രോഗിയുടെ കാര്യത്തിൽ ഇടപെട്ട് ആശുപത്രിയിൽ ചെന്നാൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുമെന്നതിനാൽ ഇടപെടാനും കഴിയുന്നില്ല. മറ്റു ആശുപത്രികൾക്ക് മാതൃകയായി അറിയപ്പെട്ടിരുന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ നിലവിലെ പോക്ക് സ്ഥാപനത്തെ നശിപ്പിക്കുന്ന തരത്തിലാണെന്ന് കൗൺസിലർമാർ ആരോപിച്ചു.
സ്ത്രീ വാർഡിലേക്ക് കുടുംബശ്രീ ഭക്ഷണം എത്തിക്കാതെയിരുന്നതും പരാതികൾക്ക് കൃത്യമായ പരിഹാരം കാണാത്തതും വിമർശനത്തിനിടയാക്കി.സെപ്റ്റംബർ രണ്ടിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം വിളിക്കുന്നുണ്ടെന്നും പരാതിക്ക് പരിഹാരം ഉണ്ടാകുമെന്നും ഭരണ സമിതി ഉറപ്പ് നൽകി. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.