മണ്ണ് കടത്തൽ മൂലം റോഡ് ചളിക്കുളം അനുമതി നൽകിയ നഗരസഭ സെക്രട്ടറി ഖനനം നിർത്തിച്ചു
text_fieldsഒറ്റപ്പാലം: മഴയിൽ റോഡ് ചളിക്കുളമായതോടെ മണ്ണെടുപ്പിന് അനുമതി നൽകിയ നഗരസഭ സെക്രട്ടറി തന്നെ ഖനനം നിർത്തിവെപ്പിച്ചു. നഗരസഭയിലെ പനമണ്ണ വട്ടനാൽ വാർഡിൽ (വാർഡ് 34) സ്വകാര്യ വ്യക്തിയുടെ വീട് നിർമാണത്തിന് നടന്നുവന്ന മണ്ണെടുപ്പാണ് നഗരസഭ സെക്രട്ടറി സ്ഥലത്തെത്തി നിർത്തിവെപ്പിച്ചത്. ഖനനവുമായി ബന്ധപ്പെട്ട് റോഡിൽ വീഴുന്ന മണ്ണ് മഴയിൽ കുതിർന്ന് അതുവഴിയുള്ള കാൽ നടയാത്രക്കാർക്കും വാഹനങ്ങളുടെ സഞ്ചാരത്തിനും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതേതുടർന്ന് നാട്ടുകാർ പരാതിയുമായി രംഗത്തുവന്നതോടെയാണ് സെക്രട്ടറിയും സംഘവും സ്ഥലത്തെത്തി മണ്ണെടുപ്പ് നിർത്തിവെക്കാൻ സ്ഥലമുടമയോട് നിർദേശിക്കാൻ നിർബന്ധിതരായത്.
സർക്കാർ അടുത്തകാലത്ത് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ സെക്രട്ടറി മണ്ണെടുപ്പിന് അനുമതി നൽകിയതെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ അളവിൽ കൂടുതൽ മണ്ണ് ഖനനം ചെയ്തിട്ടുണ്ടെന്ന സംശയത്തിൽ ഖനനം സംബന്ധിച്ച അളവും നഗരസഭ എൻജിനീയറിങ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. അനുവദിച്ചതിൽ കൂടുതൽ മണ്ണെടുത്തതായി പരിശോധനയിൽ കണ്ടെത്തുന്ന പക്ഷം പിഴ ഈടാക്കുമെന്നും നഗരസഭ സെക്രട്ടറി എ.എസ്. പ്രദീപ് പറഞ്ഞു. വിദ്യാർഥികളുടെ സമയവും മഴയും പരിഗണിക്കാതെയാണ് സെക്രട്ടറി ഖനനത്തിനും മണ്ണ് കടത്തുന്നതിനും അനുമതി നൽകിയതെന്നും മണ്ണ് കടത്താൻ വലിയ വാഹനങ്ങൾ ഉപയോഗിച്ചതിലൂടെയാണ് സ്ഥിതി കൂടുതൽ ഗുരുതരമായതെന്നും വാർഡ് കൗൺസിലർ സി. സുജിത്ത് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.