അയൽവാസിയുടെ അവസരോചിത ഇടപെടൽ; മരണമുഖത്തുനിന്ന് നാരായണന് മടക്കയാത്ര
text_fieldsഒറ്റപ്പാലം: മരണവുമായി മല്ലിട്ട നിമിഷങ്ങൾ സമ്മാനിച്ച ഞെട്ടലിൽനിന്ന് നാരായണൻ എന്ന 71 കാരൻ ഇനിയും മോചിതനായിട്ടില്ല. കയ്യിലിരുന്ന ഇരുമ്പ് തോട്ടി 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ് പിടഞ്ഞപ്പോൾ രക്ഷക്കെത്തിയ അയൽവാസിയെ നാരായണനും നാട്ടുകാരും ഇപ്പോൾ നെഞ്ചോട് ചേർക്കുകയാണ്. വേങ്ങശ്ശേരി പാലാരി റോഡിലെ ചിറയിൽ വീട്ടിൽ നാരായണനാണ് അയൽവാസിയും റിട്ട. ഹെൽത്ത് സൂപ്പർവൈസറുമായ സി.ആർ. മണികണ്ഠന്റെ (60) സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയാണ് സംഭവം. തെങ്ങിനിടാൻ പച്ചില ശേഖരിക്കാനായി ഇരുമ്പ് ഗോവണിയുടെ സഹായത്താൽ പാതിദൂരം മരത്തിൽ കയറി ഇരുമ്പ് തോട്ടി ഉപയോഗിച്ച് ശിഖരങ്ങൾ വലിക്കുന്നതിനിടെയാണ് സമീപത്തെ വൈദ്യുതി ലൈനിൽ തോട്ടി തട്ടിയത്. ഭയങ്കര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയും നിലവിളിയും കേട്ടാണ് അയൽവാസി മണികണ്ഠൻ ഓടിയെത്തിയത്. ഗോവണിയിൽനിന്ന് പിടിവിടാതെ വിറക്കുന്ന നിലയിലായിരുന്നു നാരായണൻ. ഉടൻ വീട്ടിലേക്കോടി മരത്തിന്റെ തോട്ടിയുമായി എത്തിയ മണികണ്ഠൻ തോട്ടിയുടെ സഹായത്താൽ നാരായണൻ കയറിനിന്ന ഗോവണി മറിച്ചിട്ടു. ഗോവണിക്കൊപ്പം പത്തടിയോളം താഴ്ചയിലേക്ക് വീണ നാരായണനെ നാട്ടുകാരുടെ സഹായത്താൽ മണികണ്ഠൻ വീട്ടിലേക്ക് കിടത്തി.
അപകടനില തരണംചെയ്യാൻ കൃത്രിമ ശ്വാസം നൽകുകയും ചെയ്തു. തുടർന്ന് അമ്പലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച നാരായണന് ചികിത്സ നൽകി. ആരോഗ്യ സ്ഥിതി വീണ്ടെടുത്തതോടെ വീട്ടിലേക്കയച്ചു. നാരായണന്റെ കൈകളിലും കാൽവെള്ളയിലും പൊള്ളലേറ്റിട്ടുണ്ട്. വീഴ്ചയിൽ കാലിലെ വിരലിനും പരിക്കുണ്ട്. നേരത്തെ രണ്ടുതവണ പാമ്പിന്റെ കടിയേറ്റ നാരായണന് ജീവിതത്തിലേക്കുള്ള മൂന്നാമത്തെ മടക്കയാത്രയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.