അവസാനിക്കാത്ത യാത്രാദുരിതം; വേണം, തിരുണ്ടിയിൽ പാതയും പാലവും
text_fieldsഅമ്പലപ്പാറ തിരുണ്ടിയിലെ മൺപാത
ഒറ്റപ്പാലം: യാത്ര ദുരിതത്താൽ വീർപ്പുമുട്ടുന്ന അമ്പലപ്പാറ പഞ്ചായത്തിലെ തിരുണ്ടി നിവാസികൾക്ക് റോഡും പാലവും സ്വപ്നമായി തുടരുന്നു. ഒറ്റപ്പാലം-അമ്പലപ്പാറ റോഡിൽ തിരുണ്ടിയുടെ പടിഞ്ഞാറെ അതിർത്തി പങ്കിടുന്ന തിരുണ്ടി കുന്ന് ഉന്നതിയിലും ചുറ്റുവട്ടങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് യാത്ര സൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതത്തിലായത്.
പ്രദേശത്തേക്ക് വാഹനങ്ങൾക്ക് എത്തിപ്പെടാൻ തിരുണ്ടി തോടിന്റെ നിലവിലെ രണ്ട് മീറ്റർ പാലം വീതികൂട്ടി നിർമിക്കുകയും 600 മീറ്റർ ദൂരത്തിലുള്ള മൺപാത ടാറിങ്ങോ കോൺക്രീറ്റോ നടത്തുകയും ചെയ്താൽ മാത്രം മതിയാകും. ഗതാഗത സൗകര്യം യാഥാർഥ്യമാകുന്നതോടെ ഗ്രാമീണ മേഖലകളായ മലമുക്ക്, അനങ്ങൻ മലയുടെ താഴ്വാര പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കാനാകും. വാഹന സൗകര്യമില്ലാത്തതിന്റെ ദുരിതം ഏറെയും അനുഭവപ്പെടുന്നത് രോഗവും മരണവും വരുന്ന ഘട്ടങ്ങളിലാണ്. മരിച്ചവരെയും രോഗികളെയും വയോധികരെയും ഒറ്റപ്പാലം-അമ്പലപ്പാറ പാതയിലെത്തിക്കുന്നതിന് തോളിലേറ്റുകയോ കസേരയിലിരുത്തി പ്രദേശ വാസികൾ ചുമക്കുകയോ വേണം.
തോടിന് കുറുകെയുള്ള നടപ്പാലം കടന്നുവേണം ഇത്തരം യാത്രകൾ ലക്ഷ്യത്തിലെത്താനെന്നത് ദുരിതം ഇരട്ടിപ്പിക്കുന്നു. തലമുറകൾ പിന്നിട്ട ദുരിതമായതിനാൽ പ്രദേശത്തെ താമസം ഉപേക്ഷിച്ചവരും ഇവർക്കിടയിലുണ്ട്. ഏറ്റവുമൊടുവിൽ നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പാതയും പാലവും നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യവുമായി അമ്പലപ്പാറ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വി.കെ. ശ്രീകണ്ഠൻ എം.പിയെ സമീപിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.