യാത്ര ഇളവ് കാർഡ് അനുവദിക്കുന്നതിൽ അനാസ്ഥ; വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം പതിവാകുന്നു
text_fieldsഒറ്റപ്പാലം: കോളജ് വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് വിതരണം ചെയ്യുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥ മൂലം വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം പതിവായ സാഹചര്യത്തിൽ കോളജ് അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം ബസ് ഉടമ സംയുക്ത സമിതി സബ് കലക്ടർക്ക് പരാതി നൽകി. ജൂലൈ 12ന് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ പാലക്കാട് ചേർന്ന സ്റ്റുഡന്റ്സ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റിയുടെ (എസ്.ടി.എഫ്.സി) യോഗത്തിൽ ആഗസ്റ്റ് എട്ട് മുതൽ പിങ്ക് കാർഡുകൾ യാത്ര ഇളവിന് നിർബന്ധമാക്കിയിരുന്നു.
പൊലീസും മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും കോളജ്, വിദ്യാർഥി പ്രതിനിധികളും ഷൊർണൂർ ഡിവൈ.എസ്.പിയുടെ അധ്യക്ഷതയിൽ ഒറ്റപ്പാലത്ത് ചേർന്ന യോഗത്തിൽ സ്ഥാപനമേധാവികൾ അഫിലിയേഷൻ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കി ആർ.ടി ഓഫിസിൽനിന്ന് കാർഡുകൾ വാങ്ങി വിദ്യാർഥികൾക്ക് വിതരണം ചെയ്യണമെന്നായിരുന്നു തീരുമാനം. എന്നാൽ ഇതിന് പകരം കോളജിന്റെ പേരിലുള്ള നിയമാനുസൃതമല്ലാത്ത കാർഡുകളാണ് ഭൂരിഭാഗം സ്ഥാപനങ്ങളും വിദ്യാർഥികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. ജില്ല കലക്ടറുടെ സാന്നിധ്യത്തിലും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും എടുത്ത തീരുമാനങ്ങൾ പാലിക്കാതെ നിയമാനുസൃതമല്ലാത്ത കാർഡുകളുമായി വിദ്യാർഥികൾ യാത്ര ഇളവ് ആവശ്യപ്പെടുന്നത് സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഒറ്റപ്പാലം ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.എസ്. സുനിൽ റഹ്മാൻ, ട്രഷറർ പി.കെ. സിദ്ദിഖ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.