നിള മെലിഞ്ഞുതന്നെ; എങ്ങുമെത്താതെ സംരക്ഷണ പദ്ധതി
text_fieldsഒറ്റപ്പാലം: ഇടവേളകളിൽ പ്രഖ്യാപിക്കപ്പെടുന്ന പുഴ സംരക്ഷണ പദ്ധതികൾക്കിടയിലും ഒറ്റപ്പാലത്ത് നിള മെലിഞ്ഞുതന്നെ. ഒറ്റപ്പാലം, അമ്പലപ്പാറ പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സ് ബലപ്പെടുത്തുന്നതിനായി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ പുഴയിൽ തടയണ നിർമാണത്തിന് 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയതാണ് ഏറ്റവും ഒടുവിലത്തെ പദ്ധതി. മുൻ വർഷങ്ങളിലെ ബജറ്റിലെ ആവർത്തന ഇനമാണിത്.
വ്യാപക തോതിലുള്ള പുഴ കൈയേറ്റങ്ങൾക്ക് നേരെ ഒരു നടപടികളുമില്ലാത്തത് കൂടുതൽ കൈയേറ്റങ്ങൾക്ക് അവസരം സൃഷ്ടിക്കുന്നതായ പരാതികളുമുണ്ട്. 2018 മേയ് 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റപ്പാലത്ത് ഉദ്ഘാടനം ചെയ്തതാണ് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി.
മൂന്ന് വർഷം പൂർത്തിയാകാനിരിക്കുന്ന പദ്ധതിക്ക് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ തോടും കൈവഴികളും ഉൾെപ്പടെയുള്ള ജലസ്രോതസ്സുകളെ ജലസമൃദ്ധമാക്കി നിളയെ വീണ്ടെടുക്കാനുള്ള പദ്ധതിയാണിത്.
പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പുഴകളുടെ നീർത്തട സംരക്ഷണ പ്ലാൻ തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ നാളിതുവരെ പ്ലാനോ നീർത്തട അറ്റ്ലസ് തയ്യാറാക്കലോ പൂർത്തീകരിച്ചിട്ടില്ലെന്നാണ് വിവരം. 2007 ൽ ഉദ്ഘാടനം ചെയ്ത നദീതീര സംരക്ഷണ പദ്ധതിയാണ് മറ്റൊന്ന്.
44 നദികളെ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ആവിഷ്കരിച്ച പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന് വേദിയാക്കിയതും ഒറ്റപ്പാലമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഉദ്ഘാടകൻ. ഒറ്റപ്പാലത്ത് സ്ഥിരം തടയണയുടെ പ്രഖ്യാപനവും അന്ന് അദ്ദേഹം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.