കേവല ഭൂരിപക്ഷമില്ല: ഒറ്റപ്പാലത്ത് സി.പി.എമ്മിന് ഭരണം ബാധ്യതയാകുന്നു
text_fieldsഒറ്റപ്പാലം: കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ ഭരണസമിതിക്ക് നഗരസഭ ഭരണം ബാധ്യതയാകുന്നു. ആസൂത്രണ സമിതി ഉപാധ്യക്ഷയെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായാണെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ചർച്ചക്കായി വീണ്ടും ചൊവ്വാഴ്ച വൈകീട്ട് ചേർന്ന കൗൺസിൽ യോഗവും ബഹളത്തിലും വാക്പോരിലും കലാശിച്ചു. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുത്ത പുതിയ ആസൂത്രണ സമിതിയുടെയും വർക്കിങ് ഗ്രൂപ് ചെയർമാന്മാരുടെയും പട്ടിക അംഗീകാരത്തിനായി കഴിഞ്ഞ ബുധനാഴ്ചയാണ് കൗൺസിൽ ചേർന്നത്. എന്നാൽ, ആസൂത്രണ സമിതി ഉപാധ്യക്ഷയായി സുബൈദയെ ഏകപക്ഷീയമായാണ് തെരഞ്ഞടുത്തതെന്നും യോഗം മാറ്റിവെക്കണമെന്നും ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഒച്ചപ്പാടും ബഹളവും ആയി ഗതിമുട്ടിയ സാഹചര്യത്തിൽ ചൊവ്വാഴ്ച വീണ്ടും ചർച്ചക്കായി യോഗം ചേരാമെന്ന തീരുമാനത്തിലാണ് പിരിഞ്ഞത്. എന്നാൽ, പുതിയ അജണ്ട നൽകാതെ പഴയ അജണ്ടയിൽ ചർച്ച നടത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും യോഗം മാറ്റിവെക്കണമെന്നും ബി.ജെ.പി കൗൺസിലർ എസ്. ഗംഗാധരൻ അറിയിച്ചത് ബഹളത്തിന് തിരികൊളുത്തി. പ്രതിഷേധവുമായി യു.ഡി.എഫ് കൗൺസിലർമാരും രംഗത്തുവന്നു. വോട്ടിനിടണമെന്ന കഴിഞ്ഞ കൗൺസിലിലെ പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ഭരണപക്ഷം തയാറായെങ്കിലും അജണ്ടയില്ലാത്ത വിഷയത്തിൽ വേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. പഴയ അജണ്ടയിൽ തുടർചർച്ചക്കാണ് കൗൺസിൽ യോഗം ചേർന്നതെന്ന് നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും അറിയിച്ചെങ്കിലും കൂട്ടാക്കാതെ പ്രതിഷേധത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. സുബൈദക്കും നേരത്തേ നിർദേശിച്ചിരുന്ന ബി.ജെ.പി പ്രതിനിധി കെ.ബി. ശശികുമാറിനും ഇഷ്ടാനുസരണം വോട്ട് രേഖപ്പെടുത്തി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്താമെന്ന നിർദേശവും വിലപ്പോയില്ല.
ഇതിനിടെ സുബൈദയെ ഉപാധ്യക്ഷയായി സ്ഥിരപ്പെടുത്തുന്നതിന് വോട്ട് രേഖപ്പെടുത്താനുള്ള ശ്രമത്തിൽ ലഭിച്ചത് ഭരണപക്ഷത്തുള്ളവരുടെ 16 വോട്ടുകൾ. ഇതിന് നിയമസാധുതയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ അംഗീകാരം നൽകേണ്ടത് കൗൺസിൽ യോഗമാണെന്നും അജണ്ട നിശ്ചയിച്ച് വീണ്ടും യോഗം വിളിക്കാനുമായിരുന്നു ഇവരുടെ നിർദേശം. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടതനുസരിച്ച് വ്യാഴാഴ്ച വീണ്ടും കൗൺസിൽ യോഗം ചേരും. വർക്കിങ് ഗ്രൂപ്പുകളിലേക്ക് അംഗങ്ങളെ കൊടുക്കാൻ തയാറാവുന്നില്ലെന്നും മൂന്ന് ഗ്രൂപ്പുകളിലേക്ക് ചെയർമാന്മാരെ പോലും നിശ്ചയിക്കാതെ ഭരണസമിതി പരാജയമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നും വൈസ് ചെയർമാൻ കെ. രാജേഷ് ആരോപിച്ചു. 36 അംഗ കൗൺസിലിൽ സി.പി.എം 16, യു.ഡി.എഫ് 11, ബി.ജെ.പി 9 എന്നതാണ് കക്ഷി നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.