സംരക്ഷണമില്ല; കാഞ്ഞിരക്കടവിലെ തോട് നശിക്കുന്നു
text_fieldsഒറ്റപ്പാലം: വേനലിൽ കർഷകർക്ക് ഏറെ അനുഗ്രഹമായിരുന്ന കാഞ്ഞിരക്കടവ് ഭാഗത്തെ തോട് സംരക്ഷണമില്ലാതെ നശിക്കുന്നു. സ്വകാര്യ വ്യക്തികളുടെ കൈയേറ്റവും മണ്ണും മണലും മരങ്ങളും അടിഞ്ഞതും തോടിന്റെ പല ഭാഗങ്ങളെയും കൈത്തോടാക്കി മാറ്റുകയാണ്.
നേരത്തെ പെരുമഴയെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്ന തോട് ഇപ്പോൾ നേരിടുന്ന ആഴക്കുറവ് മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് മുഖ്യകാരണമാണ്. കഴിഞ്ഞ മഴക്കാലത്തും തോട് കരകവിഞ്ഞ് ഒറ്റപ്പാലം - മണ്ണാർക്കാട് പാത മുങ്ങിയതിനെ തുടർന്ന് ഗതാഗതം നിർത്തേണ്ട സാഹചര്യമുണ്ടായി. മഴയുടെ ശക്തി കുറയുകയും പാതയിൽനിന്ന് വെള്ളം ഒഴിയുകയും ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മാസങ്ങളായി തോടിന് കുറുകെ വീണുകിടക്കുന്ന മരം വെട്ടിമാറ്റുന്നതിൽ പോലും അധികൃതരുടെ അലംഭാവം വ്യക്തമാണ്. ഒറ്റപ്പാലത്ത് നിളയോട് ചേർന്ന് കിടക്കുന്ന ഈസ്റ്റ് ഒറ്റപ്പാലം തോടിന് തൊട്ടുള്ള കാഞ്ഞിരക്കടവ് പ്രദേശത്തെ തോടിനാണ് ഈ ഗതികേട്.
അനിയന്ത്രിതമായി തുടരുന്ന തോട് കൈയേറ്റം സംബന്ധിച്ച് നിരവധി പരാതികൾ ഉന്നയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തോട് അളന്ന് തിട്ടപ്പെടുത്തണമെന്നും മണ്ണും മണലും നീക്കി പുഴയുടെ ആഴം കൂട്ടണമെന്നും കഴിഞ്ഞ ദിവസം നടന്ന സി.പി.എം കാഞ്ഞിരക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലം തോടുകളുടെ വശങ്ങൾ കെട്ടി സുരക്ഷിതമാക്കാൻ 20 കോടി രൂപ അനുവദിച്ചതായി മുൻ എം.എൽ.എ പി. ഉണ്ണി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ല. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോടും കൈവഴികളും ഉൾപ്പടെയുള്ള ജലസ്രോതസ്സുകളെ ജലസമൃദ്ധമാക്കി നിളയെ വീണ്ടെടുക്കാനുള്ള പദ്ധതിയായ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി.
ജില്ലയിലെ ഏഴ് നഗരസഭകളും 85 പഞ്ചായത്തുകളും പരിധിയിൽ വരുന്ന പദ്ധതിയുടെ ഉദ്ഘാടനം 2018 മേയ് 21ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒറ്റപ്പാലത്ത് നിർവഹിച്ചത്. തോട് സംരക്ഷണം ഇനിയും വൈകുന്ന പക്ഷം വീണ്ടെടുപ്പ് അസാധ്യമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.