കരിഞ്ഞുണങ്ങുന്ന പ്രതീക്ഷകൾ
text_fieldsഒറ്റപ്പാലം: തിമിർത്ത് പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിലും തൈകൾ വിൽക്കുന്ന നഴ്സറിക്കാരുടെ പ്രതീക്ഷകൾ കരിഞ്ഞുണങ്ങുന്നു. രോഹിണി ഞാറ്റുവേലയോടെ ആരംഭിക്കുന്ന വർഷകാലത്തും വെയിലും അത്യുഷ്ണവും പെയ്തിറങ്ങുന്നതാണ് തൈ വിൽപന കേന്ദ്രങ്ങൾക്ക് തിരിച്ചടിയായത്. മഴക്കാലത്തെ സീസൺ വിൽപനയെ മുന്നിൽക്കണ്ട് കൂടിയ വില നൽകിയെത്തിച്ച മുന്തിയ ഗണത്തിൽപ്പെട്ട വിവിധ ഇനം തൈകളാണ് ഇത്തരം കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത്.
വിൽപന മാന്ദ്യം സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ഉടമകൾ പറയുന്നു. ഫലവൃക്ഷ തൈകളും ചെടികളും കാർഷിക വിളകളും നട്ടുപരിപാലിക്കാൻ ഉത്തമം ഞാറ്റുവേലക്കാലമാണ്. വെയിലും മഴയും സമമായി ലഭിക്കുന്ന കാലാവസ്ഥയിൽ തൈകൾ നട്ടുപരിപാലിക്കാൻ ഏറ്റവും അനുയോജ്യം തിരുവാതിര ഞാറ്റുവേലയാണെന്ന് കർഷകർ പറയുന്നു.
പൂച്ചെടികൾക്കും പച്ചക്കറി വിത്തുകൾക്കും സാധാരണ തൈകൾക്കും സ്ഥിരമായി ആവശ്യക്കാരെത്തുമെങ്കിലും അത്യുൽപാദന ശേഷിയുള്ളതും ഒട്ടിനത്തിൽ പെട്ടതുമായ വിലകൂടിയ തൈകൾക്ക് ആവശ്യക്കാരെത്തണമെങ്കിൽ ഞാറ്റുവേലകളിൽ മഴ സജീവമാകണം. മുതൽമുടക്ക് കൂടുതൽ ആവശ്യമുള്ളതും ഒട്ടിനങ്ങളിൽ പെട്ട മുന്തിയ ഇനങ്ങൾക്കാണ്.
കാർഷിക ചക്രം രൂപപ്പെടുന്നത് ഞാറ്റുവേലകളെ ആശ്രയിച്ചാണ്. രോഹിണി, മകീര്യം ഞാറ്റുവേലകളിൽ ലഭിക്കാതിരുന്ന മഴ, തിരുവാതിര ഞാറ്റുവേലയിലൂടെ പരിഹരിക്കപ്പെടുമെന്നതായിരുന്നു പ്രതീക്ഷ.എന്നാൽ, ബുധനാഴ്ച തുടക്കമിട്ട തിരുവാതിര ഞാറ്റുവേലയിലും വേനലിന്റെ പ്രതീതിയാണ്. ശക്തമായ വേനൽ മഴ ലഭിച്ചിരുന്നതിനാൽ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.