ഓൺലൈൻ വായ്പ തട്ടിപ്പ്; ഒറ്റപ്പാലത്ത് കേസുകൾ പെരുകുന്നു
text_fieldsഒറ്റപ്പാലം: ഓൺലൈൻ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ഇരകളുടെ കേസുകൾ ഒറ്റപ്പാലത്ത് പെരുകുന്നു. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ വിശ്വസിച്ച് അനുവദിച്ച വായ്പ തുക ലഭിക്കുന്നതിന്റെ മുന്നോടിയായി പ്രാരംഭ നടപടി എന്ന നിലയിൽ ആവശ്യപ്പെട്ട തുക അക്കൗണ്ട് വഴി കൈമാറ്റം ചെയ്തതിലൂടെ വഞ്ചിക്കപ്പെട്ടവരാണ് പരാതിക്കാരിൽ ഭൂരിഭാഗവും. ഏറ്റവും ഒടുവിൽ 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി രംഗത്ത് വന്നത് പേരൂർ സ്വദേശിയായ യുവാവാണ്. ഓൺലൈൻ വഴി ലഭിച്ച ലിങ്ക് മുഖേന അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്തോടെയായിരുന്നു തട്ടിപ്പിന് തുടക്കം. സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിൽ 50, 000 രൂപ അക്കൗണ്ടിലേക്ക് കൈമാറാൻ മൊബൈൽ ഫോണിൽ ആദ്യ നിർദേശം വന്നതായി പരാതിയിൽ പറയുന്നു.
പണം നൽകിയതിന് പിറകെ വായ്പ തുകയുൾപ്പടെ 5.5 ലക്ഷം യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചു. ബാങ്കുമായി ബന്ധപ്പെട്ട യുവാവിന്റെ അക്കൗണ്ടിൽ പണം ലഭിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ യുവാവ് തട്ടിപ്പ് സംഘത്തിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയതാണ് കാരണമെന്നും പ്രശ്നം പരിഹരിക്കുന്നതിനായി ഒരു ലക്ഷം രൂപ കൂടി അക്കൗണ്ട് വഴി നൽകണമെന്നുമായിരുന്നു തട്ടിപ്പ് സംഘത്തിന്റെ അടുത്ത നിർദേശം.
ആറര ലക്ഷം രൂപ ഉടൻ അക്കൗണ്ടിൽ എത്തുമെന്ന ഉറപ്പും ഇവർ നൽകിയിരുന്നു. നിശ്ചിത സമയത്തിനകം ഒരു രൂപ പോലും അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കിയ യുവാവ് തുടർന്നും ഫോണിൽ നടത്തിയ അന്വേഷണത്തിൽ ആറര ലക്ഷം രൂപ എന്നത് വലിയ സംഖ്യയായതിനാൽ ജി.എസ്.ടി പ്രശ്നം ഉണ്ടെന്നും അതുകൊണ്ട് ജി.എസ്.ടി ഇനത്തിൽ ഒരു ലക്ഷം കൂടി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായി പറയുന്നു. അമ്പതിനായിരം രൂപ വീതം രണ്ട് തവണയായി ആവശ്യപ്പെട്ട ഒരു ലക്ഷം രൂപയും യുവാവ് നൽകി. നാളുകൾ പിന്നിട്ടതല്ലാതെ തുക അക്കൗണ്ടിലെത്താതെ വന്നതോടെ ഫോണിൽ പല വട്ടം ബന്ധപ്പെടാൻ മ്പടത്തിയ ശ്രമങ്ങൾ അത്രയും വിഫലമായി.
ഫോൺ ബ്ലോക്ക് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് തട്ടിപ്പിൽ കുടുങ്ങിയെന്ന് യുവാവ് തിരിച്ചറിയുന്നത്. തട്ടിപ്പ് സംഘം യുവാവിനോട് ഫോണിൽ സംസാരിച്ചിരുന്നത് മലയാളത്തിൽ ആയിരുന്നു. രണ്ടര ലക്ഷം രൂപ നഷ്ടമായതിനെ തുടർന്ന് പിന്നീട് ഇയാൾ ഒറ്റപ്പാലം പൊലീസിനെ സമീപിച്ചു. സി.ഐ എം.സുജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സമാന രീതിയിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് 17 കേസുകളാണ് ഒറ്റപ്പാലം സ്റ്റേഷനിലുള്ളത്. നാഷണൽ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ( എൻ.സി.ആർ.പി) വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. അക്കൗണ്ട് നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ തുമ്പൊന്നും ഇല്ലെന്നതാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.