ഒറ്റപ്പാലത്ത് 'ഓപറേഷൻ അനന്ത' നടപടികൾ പുനരാരംഭിച്ചു
text_fieldsഒറ്റപ്പാലം: നാലുവർഷം മുമ്പ് നിർത്തിവെച്ച നഗരത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ആവിഷ്കരിച്ച ഓപറേഷൻ അനന്തയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. റവന്യൂ സ്ഥലം കൈയേറി നിർമിച്ചതായി കണ്ടെത്തിയ കെട്ടിട ഭാഗങ്ങളാണ് സബ് കലക്ടർ അർജുൻ പാണ്ഡ്യൻെറ നേതൃത്വത്തിൽ ഞായറാഴ്ച പൊളിച്ചുതുടങ്ങിയത്.
ഗതാഗതക്കുരുക്ക് തലവേദനയായി മാറിയ സാഹചര്യത്തിൽ നഗരപാത വിപുലീകരിക്കുന്നതിൻെറ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടറായിരുന്ന പി.ബി. നൂഹാണ് ഓപറേഷൻ അനന്ത എന്ന പേരിൽ കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാൻ നടപടികൾ ആരംഭിച്ചത്.
പാലക്കാട് ജില്ല ബാങ്കിൻെറ ഒറ്റപ്പാലം ശാഖ കെട്ടിടം ഉൾെപ്പടെയുള്ള കെട്ടിടങ്ങളാണ് പുറമ്പോക്കിലുള്ളതായി കണ്ടെത്തിയത്. ഏതാനും കെട്ടിടങ്ങൾ പൊളിച്ചുനീക്കി റവന്യൂ സ്ഥലം വീണ്ടെടുത്തെങ്കിലും ലക്ഷ്യത്തിലെത്തും മുമ്പ് നടപടി ഇടക്കുവെച്ച് നിശ്ചലമായി. കെട്ടിട ഉടമകളിൽ ഒരുവിഭാഗം ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും നൂഹിന് സ്ഥലംമാറ്റം ലഭിച്ചതുമാണ് പദ്ധതിക്ക് വിനയായത്.
ഉടമക്ക് നേരേത്ത നോട്ടീസ് നൽകിയിട്ടും പൊളിച്ചുനീക്കാത്ത സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് നടപടികളുമായി രംഗത്ത് വന്നതെന്ന് അധികൃതർ പറഞ്ഞു. റവന്യൂ, പൊലീസ്, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.