ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയ വിഭാഗം പ്രവർത്തനം നിലച്ചു
text_fieldsഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയ വിഭാഗം പ്രവർത്തനം മുന്നറിയിപ്പില്ലാതെ നിർത്തിയതോടെ രോഗികൾ ദുരിതത്തിൽ. മുൻകൂട്ടി ബുക്ക് ചെയ്ത് ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന 30ലേറെ പേരുൾപ്പെടെ നിരവധി രോഗികളാണ് ഇതേ തുടർന്ന് ആശങ്കയിലായത്. ജില്ല ആശുപത്രിയിലേക്ക് ശിപാർശ ചെയ്ത ഇക്കൂട്ടർക്ക് എത്ര കാലം ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തതയില്ല. വലിയ തുക നൽകി സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയയും മറ്റു ചികിത്സകളും തുടരാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. ശസ്ത്രക്രിയ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം ഒരുമാസം മുമ്പാണ് പൊളിച്ചുമാറ്റാനെന്ന പേരിൽ പൂട്ടിയത്. ആശുപത്രി വികസനത്തിന് തയാറാക്കിയ മാസ്റ്റർ പ്ലാൻ നിർദേശിക്കുന്ന തരത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു വിശദീകരണം.
എന്നാൽ, ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചതല്ലാതെ കെട്ടിടം പൊളിച്ചുനീക്കുന്നതിന്റെ ഒരു ലക്ഷണവും ഇതേ വരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ജില്ല ആശുപത്രി കഴിഞ്ഞാൽ നേത്ര ശസ്ത്രക്രിയ വിഭാഗം പ്രവർത്തിച്ചിരുന്ന ജില്ലയിലെ ഏക സർക്കാർ ആശുപത്രി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയായിരുന്നു.
കോവിഡ് കാലത്ത് ജില്ല ആശുപത്രിയിൽ പോലും നേത്ര ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനം നിർത്തിവെച്ചപ്പോഴും വിജയകരമായ രീതിയിൽ പ്രവർത്തനം കാഴ്ചവെച്ച താലൂക്ക് ആശുപത്രിക്കാണ് ഇപ്പോഴത്തെ ദുർഗതി. പത്തോളം ശാസ്ത്രക്രിയകളാണ് ഇവിടെ നടന്നുവന്നിരുന്നത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ച കീമോ തെറപ്പി സെൻറർ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, നേത്രശസ്ത്രക്രിയ വിഭാഗത്തിന്റെ കാര്യത്തിൽ ഇത്തരമൊരു ആനുകൂല്യമുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള നേത്ര വിഭാഗം ഡോക്ടറെ തൽക്കാലത്തേക്ക് ആഴ്ചയിൽ ഒരുദിവസം ജില്ല ആശുപത്രിയിലേക്ക് നിയോഗിച്ച് ശസ്ത്രക്രിയകൾ തുടരാനുള്ള നീക്കവും പ്രവർത്തികമായിട്ടില്ല. പുതിയ കെട്ടിടം രണ്ടുമാസത്തിനകം പൂർത്തിയാകുമെന്നും അതിൽ നേത്ര ശസ്ത്രക്രിയ വിഭാഗത്തിന് സൗകര്യമുണ്ടാകുമെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. 2019 ജൂലൈയിലാണ് താലൂക്ക് ആശുപത്രിയിൽ നേത്ര ശസ്ത്രക്രിയ വിഭാഗം പ്രവർത്തനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.