ഒറ്റപ്പാലം നഗരസഭയിലെ ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട്; അന്വേഷണ റിപ്പോർട്ട് പുറത്ത്
text_fieldsഒറ്റപ്പാലം: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി വിഭാഗം വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തതിലെ ക്രമക്കേടുകൾ പരിശോധിച്ച മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മാർഗരേഖയിൽ പറയുന്ന മാനദണ്ഡങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഏഴ് പേർക്ക് ലാപ്ടോപ് വിതരണം ചെയ്തത്. പഠന കാലാവധി പൂർത്തിയാകാനിരിക്കെ ആനുകൂല്യത്തിന് അർഹത ഇല്ലെന്നിരിക്കെ അവസാന വർഷ വിദ്യാർഥികളായ മൂന്ന് പേർക്ക് ലാപ്ടോപ് വിതരണം ചെയ്തു. 10 പേർക്ക് ലാപ്ടോപ് വിതരണം നടത്തിയതിലാണ് മുഖ്യമായും അന്വേഷണ സമിതി ക്രമക്കേട് കണ്ടെത്തിയത്. കൂടുതൽ മാർക്ക് നേടിയവരെ ഒഴിവാക്കി കുറഞ്ഞ മാർക്ക് വാങ്ങിയവർക്ക് ലാപ്ടോപ് വിതരണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഗുണഭോക്തൃ പട്ടികയിൽ പേരുള്ള വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം നടത്താതിരുന്നതിെൻറ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ടെന്നും നിയമപരമായ കൃത്യത ഉറപ്പുവരുത്തി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണെന്നും റിപ്പോട്ടിൽ ശിപാർശയുണ്ട്. വിദ്യാർഥികളെ വിളിച്ചുവരുത്തി യോഗ്യത അനുസരിച്ച് വീണ്ടും മാർക്ക് തയാറാക്കാനും ഇതിെൻറ അടിസ്ഥാനത്തിൽ യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ലാപ്ടോപ് വിതരണം നടത്താനുമാണ് തീരുമാനം.
അർഹരല്ലാത്തവരായി കണ്ടെത്തിയവരിൽനിന്ന് ലാപ്ടോപ് തിരികെ വാങ്ങാതെ ഇതിെൻറ സംഖ്യ നിർവഹണ ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കും. സെപ്റ്റംബർ 15നകം ലാപ്ടോപ് വിതരണം നടത്താനാണ് തീരുമാനം. ലാപ്ടോപ് വിതരണത്തിൽ ക്രമക്കേടുണ്ടെന്ന് കൗൺസിൽ യോഗത്തിൽ കൗൺസിലർ പി.എം.എ. ജലീൽ ഉന്നയിച്ച ആരോപണത്തെ തുടർന്ന് ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ബി. ശശികുമാർ, കൗൺസിലർ സത്യൻ പെരുമ്പറക്കോട് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.