ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ പുറംതിരിഞ്ഞ് പാർക്കിങ്
text_fieldsഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിൽ ബസുകളുടെ പാർക്കിങ് രീതി യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു. ബസ് കാത്തുനിൽക്കുന്നവർക്കായി ടെർമിനലിൽ ഒരുക്കിയ ഇരിപ്പിടങ്ങൾക്ക് പുറം തിരിഞ്ഞ് യാർഡിൽ ബസുകൾ പാർക്ക് ചെയ്യുന്നതാണ് ദുരിതത്തിന് ഇടയാക്കുന്നത്.
ഇരിപ്പിടങ്ങൾക്ക് അഭിമുഖമായി നിർത്തുന്ന ബസിന്റെ പിറകുവശം മാത്രമാണ് കാണാൻ കഴിയുന്നത് എന്നതിനാൽ എവിടേക്കുള്ള ബസാണിതെന്ന് തിരിച്ചറിയാൻ ബസിന് മുൻവശത്തുചെന്നുനോക്കേണ്ട ഗതികേടാണുള്ളത്. സ്റ്റാൻഡിന് അകത്തേക്കും പുറത്തേക്കുമുള്ള ബസുകളുടെ സഞ്ചാരമാർഗവും നിർത്തിയിട്ട ബസുകളുടെ മുൻവശത്ത് കൂടി ആണെന്നത് അപകട സാധ്യതക്കും കാരണമാകുന്നു.
കൈക്കുഞ്ഞുങ്ങളുമായി സ്റ്റാൻഡിലെത്തുന്നവരും വയോധികരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മഴക്കാലത്താണ് യാത്രക്കാർ കൂടുതൽ പ്രയാസപ്പെടുന്നത്. മഴ നനഞ്ഞ് വേണം ബസിന്റ ബോർഡ് വായിച്ചെടുക്കാൻ. കാലങ്ങളായി തുടരുന്ന നിലവിലെ രീതിയിൽ ചെറിയ മാറ്റം വരുത്തിയാൽ തീരുന്ന പ്രശ്നമാണ് ഇതെന്നിരിക്കെ പരിഹാരം വൈകുകയാണ്. യാത്രക്കാരുടെ ഇരിപ്പിടങ്ങൾക്ക് അഭിമുഖമായി മുൻവശം വരുന്ന ക്രമത്തിൽ ബസുകളുടെ പാർക്കിങ് ക്രമീകരിക്കണമെന്ന് വ്യക്തികളും വിവിധ സംഘടനകളും നിരന്തരം ആവശ്യപ്പെടു
ന്നുണ്ട്. ട്രാഫിക് റെഗുലേഷൻ കമ്മിറ്റിയിലും താലൂക്ക് വികസന സമിതി യോഗത്തിലും ഇക്കാര്യം പലതവണ ഉന്നയിക്കപ്പെട്ടതുമാണ്. എന്നാൽ പരിഗണിക്കാമെന്ന അറിയിപ്പിനപ്പുറം അധികൃതരിൽനിന്ന് യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.