ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് യാർഡ്; തടസ്സമായ മീഡിയനുകളിൽ ഒരെണ്ണം നീക്കി
text_fieldsഒറ്റപ്പാലം: സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി യാത്രക്കാർ നഗരസഭ ബസ് സ്റ്റാൻഡ് യാർഡിൽ പ്രവേശിക്കുന്നത് തടയാൻ ഒരാഴ്ച മുമ്പ് സ്ഥാപിച്ച മീഡിയനുകളിൽ ഒരെണ്ണം അധികൃതർ നീക്കി. സ്റ്റാൻഡിന്റെ കിഴക്ക് ഓട്ടോകൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് അടച്ച മീഡിയനുകളിൽ ഒന്നാണ് നഗരസഭ അധികൃതർ ചൊവ്വാഴ്ച നീക്കം ചെയ്തത്.
റെയിൽവേ സ്റ്റേഷനിൽ നിന്നും സ്റ്റാൻഡിലെ യാർഡിലേക്ക്ക്ക് പ്രവേശിക്കുന്ന തെക്ക് ഭാഗത്തും ബസുകൾ പ്രവേശിക്കുന്ന വടക്ക് ഭാഗത്തും ഓട്ടോകൾ പാർക്ക് ചെയ്യുന്ന കിഴക്ക് വശത്തും തടസ്സങ്ങൾ ഏർപ്പെടുത്തിയതോടെ ബസുകൾ പുറത്തേക്ക് പോകുന്ന ഇടുങ്ങിയ കവാടത്തിലൂടെയായിരുന്നു ആളുകളുടെ സഞ്ചാരം. നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിനാലാണ് മീഡിയൻ എടുത്തുമാറ്റിയതെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. യാർഡിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ സ്റ്റാൻഡിന്റെ ഒരു വശത്തെ വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കയറാതായി.
സ്റ്റാൻഡിനകത്തെ ഓട്ടോക്കാർക്ക് ഓട്ടം കുറഞ്ഞതായ പരാതികളും വ്യാപകമായി. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ സമരം നടത്തിയിരുന്നു. തൊഴിൽ നഷ്ടം ചൂണ്ടിക്കാട്ടി ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് 114 പേർ ഒപ്പിട്ട നിവേദനവും സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നഗരസഭ അധികൃതർ നേരിട്ടെത്തി സ്ഥിതിഗതികൾ പരിശോധിച്ച് തടസ്സം നീക്കിയത്. ബസുകൾ യാർഡിന് അഭിമുഖമായി നിർത്തിയിട്ടിരുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് പാർക്കിങ് പരിഷ്കരിച്ചത്.
തുടർന്ന് ടെർമിനലിലെ കടകൾക്ക് അഭിമുഖമായി പാർക്കിങ് ക്രമീകരിച്ചു. പുതിയ രീതിയിൽ യാത്രക്കൊരുങ്ങുന്ന ബസുകൾ പിറകോട്ടെടുക്കേണ്ടി വരുമ്പോൾ യാർഡിൽ സഞ്ചരിക്കുന്ന ആളുകൾക്ക് കൂടുതൽ അപകട ഭീഷണിയാവുമെന്ന് ബസ് ജീവനക്കാർ പരാതിപ്പെടുകയും സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് യാർഡിലേക്കുള്ള പ്രവേശനം കൊട്ടിയടച്ചത്. സ്റ്റാൻഡിലെ മരണപ്പാച്ചിലിൽ ബസ് കയറി കൊൽക്കൊത്ത സ്വദേശിയയായ യുവാവ് മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു. ഇതോടെയാണ് കർശന നടപടികളുമായി അധികൃതർ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.